ദുബായില്‍ പാചകം വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ സ്‍ഫോടനത്തില്‍ റസ്റ്റോറന്റില്‍ വന്‍ നാശനഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെ അല്‍ ഖുസൈസിലെ ഡമാസ്‍കസ് സ്ട്രീറ്റിന് സമീപത്തെ കെട്ടിടത്തിലായിരുന്നു അപകടം. അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താഴേ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റിലാണ് സ്‍ഫോടനമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ നാലിന് ഡമാസ്കസ് സ്ട്രീറ്റിലെ റസ്റ്ററന്റിലായിരുന്നു സംഭവം. സ്ഫോടനമുണ്ടായ സമയത്ത് റസ്റ്ററന്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഉ‌ടന്‍ സ്ഥലത്തെത്തിയ ദുബായ് പൊലീസ് പട്രോള്‍ സംഘം ദുബായ് സിവില്‍ ഡിഫന്‍സിനോടൊപ്പം രക്ഷാ പ്രവര്‍ത്തനം നടത്തി. റസ്റ്ററന്റ് സ്ഥിതി ചെയ്തിരുന്ന ഇരുനില കെട്ടിടത്തില്‍ നിന്ന് താമസക്കാരെയെല്ലാം ഒഴിപ്പിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. റസ്റ്ററന്റിനും തൊട്ടടുത്തെ ഒരു ഫാര്‍മസി, ബ്യൂട്ടി സലൂണ്‍, മൂന്ന് കാറുകള്‍ എന്നിവയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഖിസൈസ് പൊലീസ് സ്റ്റേഷന്‍ ആക്ടിങ് ഡയറക്ടര്‍ ബ്രി.അബ്ദുല്‍ ഹാലിം അല്‍ ഹാഷിമി പറഞ്ഞു. ,