ഇന്ത്യക്ക് നല്‍കാനുള്ള 960 മില്യണ്‍ ഡോളര്‍ കടം വീട്ടുന്നതിന് ശ്രീലങ്കയെ സഹായിക്കാന്‍ ചൈന ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മാലിദ്വീപിനെയും സമാനമായ രീതിയില്‍ ചൈന സഹായിച്ചേക്കുമെന്ന് സൂചനയുണ്ട്. അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അയല്‍ രാജ്യങ്ങളില്‍ ചൈന പിടിമുറുക്കുന്നത് ഇന്ത്യ കരുതലോടെ വീക്ഷിക്കുകയാണ്.

ശ്രീലങ്കയുടെ കടബാധ്യതക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നതിനിടെയാണ് ചൈന സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് രജപക്സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ബന്ധപ്പെട്ട്, വായ്പ തിരിച്ചടക്കുന്നതില്‍ കൂടുതല്‍ സമയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ തീരുമാനം എടുക്കാനിരിക്കെയാണ് ചൈന 500 മില്യണ്‍ ഡോളര്‍ വായ്പയായി ഗ്രീലങ്കക്ക് നല്‍കിയത്.

നിലവില്‍ ജി.ഡി.പി യുടെ 80 ശതമാനവും വിദേശ കടമായ മാറിയ സാഹചര്യത്തില്‍ വായ്പകള്‍ക്ക് കൂടുതല്‍ സമയവും തിരിച്ചടക്കുന്ന കറന്‍സിയില്‍ മാറ്റവും വേണമെന്നാണ് ശ്രീലങ്ക ആവശ്യപ്പെട്ടത്. ചൈന, എ.ഡി.ബി, വേള്‍ഡ് ബാങ്ക്, ജപ്പാന്‍ എന്നിവരാണ് ശ്രീലങ്കക്ക് ബാധ്യതയുള്ളവര്‍. മൊത്തം 55 ബില്യണ്‍ ഡോളറാണ് ശ്രീലങ്കയുടെ വിദേശകടം. ഇതില്‍ 930 മില്യണ്‍ കടബാധ്യത മാത്രമാണ് ഇന്ത്യയുമായിട്ടുള്ളത്.

കോവിഡിന് ശേഷം രൂപം കൊണ്ട പുതിയ സാമ്ബത്തിക സാഹചര്യം മുതലെടുത്ത് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളെ കൈപ്പിടിയില്‍ ഒരുക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യക്ക് കടം വീടാനുള്ള മാലിദ്വീപിനെയും ചൈന സഹായവുമായി സമീപിക്കുന്നതായി വാര്‍ത്തകളുണ്ട്