മെക്‌സിക്കോയിൽ അഗസ്റ്റീനിയൻ വൈദികനായ ഫാ. ജാവിയർ ഗാർസിയ വില്ലഫാനയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മെയ് 22-ന് മെക്സിക്കൻ സംസ്ഥാനമായ മൈക്കോകാനിലെ ക്യൂറ്റ്‌സിയോ-ഹുവാൻഡകാരോ ഹൈവേയിൽ, കാറിനുള്ളിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫാ. ഗാർസിയ വില്ലഫാന ഹുവാണ്ടകാരോ മുനിസിപ്പാലിറ്റിയിലെ കപാച്ചോ പട്ടണത്തിലെ സെന്റ് മർക്കോസ് ഇടവക വികാരിയായിരുന്നു.

മൾട്ടി മീഡിയ കാത്തലിക് സെന്റർ പറയുന്നതനുസരിച്ച്, മെക്സിക്കോയുടെ നിലവിലെ പ്രസിഡന്റ് ആൻഡ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ അധികാരത്തിലേറിയതിനു ശേഷം, അതായത് 2018 മുതൽ ഒമ്പതു കത്തോലിക്കാ പുരോഹിതർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫാ. ഗാർസിയ വില്ലഫാന കൊല്ലപ്പെട്ടത് ഏകദേശം ഏഴു മണിയോടെയാണ്. കൊലപാതകത്തെക്കുറിച്ച് അധികാരികളെ അറിയിച്ചതായി സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസ് സൂചിപ്പിച്ചു.

കാറിൽ നിന്നും കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകത്തിൽ വ്യക്തത വരുത്താൻ അന്വേഷണം നടത്തുമെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് ഉറപ്പുനൽകി.