നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ ഒക്കിഗ്‌വേ രൂപതയിലെ ഫാ. ജൂഡ് കിംഗ്‌സ്‌ലി നോൺസോ മഡുകയെ ഈ മാസം 19 ന് അക്രമികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ വികാരിയായിരുന്നു ഫാ. ജൂഡ് കിംഗ്‌സ്‌ലി. പുതിയതായി നിർമ്മിച്ച ചാപ്പൽ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.

നൈജീരിയയിലെ ചർച്ച് ഫിഡെസ് ഏജൻസിക്ക് റിപ്പോർട്ട് ചെയ്ത ഡാറ്റ അനുസരിച്ച്, 2021 നും 2022 നും ഇടയിൽ, ഓക്കിഗ്വെ രൂപതയിൽ മാത്രം അഞ്ച് വൈദികരെ തട്ടിക്കൊണ്ടുപോയി. ഈ വർഷം ഏപ്രിൽ 15 ന്, ഓക്കിഗ്‌വേ രൂപതയിലെ മറ്റൊരു വൈദികനായ ഫാദർ മൈക്കൽ ഇഫിയാനി അസോമുഖയെ തട്ടിക്കൊണ്ടു പോയെങ്കിലും പിന്നീട് വിട്ടയച്ചു.

രാജ്യത്തെ അധികാരികളുടെ ഉറപ്പുകൾ ഉണ്ടായിരുന്നിട്ടും, തട്ടിക്കൊണ്ടുപോകൽ തടയുന്നതിനുള്ള ഫലപ്രദമായ നടപടികളില്ലാത്തതിനാൽ ഇപ്പോഴും അത് തുടരുകയാണ്. നൈജീരിയയിലെ മതേതര ഗവൺമെന്റിനെ അട്ടിമറിച്ച് ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോക്കോ ഹറാം എന്ന തീവ്രവാദി സംഘം തട്ടിക്കൊണ്ടുപോകലുകൾ നടത്തുന്നത്. 2009-മുതൽ വടക്കൻ നൈജീരിയയിൽ 35,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ഏകദേശം 2 ദശലക്ഷം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.