മെയ് 21-ന് മെക്‌സിക്കോയിലെ ദുരാംഗോയിൽ ആർച്ചുബിഷപ്പ് ഫൗസ്റ്റിനോ അർമെൻഡാരിസിനു നേരെ വധശ്രമം. 80 വയസുള്ള വയോധികനാണ് ആർച്ചുബിഷപ്പിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വിശുദ്ധ കുർബാനക്കു ശേഷം കത്തീഡ്രലിലെ സങ്കീർത്തിയിലാണ് ആക്രമണം നടന്നത്. ഇയാളെ പിന്നീട് മുനിസിപ്പൽ അധികൃതർ അറസ്റ്റ് ചെയ്തു.

വിശുദ്ധ കുർബാനക്കു ശേഷം സങ്കീർത്തിയിൽ ആളുകൾ വന്ന് സംസാരിക്കാറുണ്ട്. അങ്ങനെ സംസാരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. അക്രമിയുടെ കയ്യിൽ കത്തി കരുതിയിരുന്നു. കത്തി കൊണ്ട് അക്രമിച്ചെങ്കിലും നെഞ്ചിനു താഴെ പോറൽ ഏൽപിക്കാൻ മാത്രമേ വയോധികനു കഴിഞ്ഞുള്ളൂ. “ഞാൻ അദ്ദേഹത്തെ കൈ കൊണ്ട് തള്ളിമാറ്റിയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടു” – പ്രാദേശിക മാധ്യമങ്ങളോട് പിന്നീട് സംസാരിച്ച ആർച്ചുബിഷപ്പ് വിശദീകരിച്ചു.

ഇത് കൊലപാതകശ്രമം ആയിരുന്നെന്നും ദൈവം അക്രമിയെ അനുഗ്രഹിക്കട്ടെയെന്നും ആർച്ചുബിഷപ്പ് പ്രതികരിച്ചു.