കൊടും ചൂടിന് സാക്ഷ്യം വഹിക്കുകയാണ് രാജ്യത്തെ പല നഗരങ്ങളും. ഇപ്പോഴിതാ ഹൃദഭേദകമായ ഒരു കാഴ്ചയാണ് മധ്യപ്രദേശിൽ നിന്നും പുറത്തു വരുന്നത്. ഒരു അമ്മ തന്റെ കുട്ടികളെ പൊള്ളുന്ന തെരുവുകളിൽ നിന്നും സംരക്ഷിക്കാൻ എടുത്ത മാർഗ്ഗമാണ് ചർച്ചാ വിഷയം. ഒരു ആദിവാസി സ്ത്രീയും അവളുടെ കുട്ടികളും പോളിത്തീൻ ബാഗുകൾ കാലിൽ ചുറ്റി നടക്കുന്നത് കാണാം.

മെയ് 21 ന് ഉച്ചകഴിഞ്ഞ് മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്ന് പകർത്തിയ ചിത്രമാണിത്. ചിത്രം നിമിഷനേരം കൊണ്ട് വൈറലായി. രുക്മിണി എന്ന സ്ത്രീയാണ് ചിത്രത്തിലുള്ളത്. കഠിനമായ ചൂടിൽ നിന്ന് സംരക്ഷിക്കാൻ തന്റെ കുട്ടികളുടെ പാദങ്ങളിൽ പ്ലാസ്റ്റിക് കഷണങ്ങൾ കൊണ്ട് ശ്രദ്ധാപൂർവ്വം പൊതിഞ്ഞു. ഈ സമയത്താണ് അതുവഴി വന്ന പ്രാദേശിക മാധ്യമപ്രവർത്തകൻ ഇൻസാഫ് ഖുറൈഷി യുവതിയെ ശ്രദ്ധിക്കുകയും ഫോട്ടോ പകർത്തിയത്. 

രുക്മിണിയുടെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞ ഖുറൈഷി ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യുക മാത്രമല്ല, ചെരുപ്പുകൾ വാങ്ങാൻ പണം നൽകുകയും ചെയ്തു.സഹരിയ റിബൽ വിഭാഗത്തിൽപ്പെട്ട രുക്മിണി തന്റെ സാമ്പത്തിക സ്ഥിതി മോശമായതും റിപ്പോർട്ടറോട് വിശദീകരിച്ചു. തന്റെ ഭർത്താവ് ക്ഷയരോഗബാധിതനാണെന്ന് രുക്മിണി പറഞ്ഞു.

ഭർത്താവിന് വയ്യാത്തതിനാൽ രുക്മിണി നഗരത്തിലെ തൊഴിൽ അവസരങ്ങൾക്കായി തിരയുകയായിരുന്നു. തന്റെ മൂന്ന് മക്കളെ നോക്കാൻ ആരുമില്ലാതെ, ആ കൊടും വേനലിലെ ഉച്ചതിരിഞ്ഞ് ജോലി തേടി തെരുവുകളിൽ അലയുന്നതിനിടെ പകർത്തിയ ചിത്രമാണിത്.