കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മില്‍ അധികാരം പങ്കിടല്‍ സമവാക്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം ബി പാട്ടീല്‍. ശനിയാഴ്ച്ചയാണ് കര്‍ണാടക ക്യാബിനറ്റ് മന്ത്രിയായി പാട്ടീല്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. തങ്ങള്‍ക്കിടയില്‍ അധികാരം പങ്കിടല്‍ സമവാക്യമുണ്ടെങ്കില്‍ ഹെക്കമാന്‍ഡ് അത് പ്രഖ്യാപിക്കുമായിരുന്നെന്നും അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും പാട്ടീല്‍ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടന്നപ്പോള്‍, സിദ്ധരാമയ്യയുമായി അധികാരം പങ്കിടല്‍ കരാറിന് ഡികെ ശിവകുമാര്‍ സമ്മതിച്ചതായി വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞിരുന്നു. 30 മാസം വീതം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്നും അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഡികെ കെപിസിസി പ്രസിഡന്റായി തുടരുമെന്നും ഒന്നിലധികം കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു. 

തന്റെ കാലാവധിയുടെ ആദ്യ പകുതിയില്‍ ഡികെ ശിവകുമാര്‍ ഉന്നത പദവി ആവശ്യപ്പെട്ടിരുന്നതായും വൃത്തങ്ങള്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ കലഹത്തെക്കുറിച്ചുളള ചോദ്യത്തിന്, ഇപ്പോള്‍ ഭരണത്തിലും ജനങ്ങളിലും രാജ്യത്തിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നത്. 

സിദ്ധരാമയ്യയും ഡികെ ശിവകുമാറും മറ്റ് മന്ത്രിമാര്‍ക്കൊപ്പം മെയ് 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മെയ് 10 ന് നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 സീറ്റുകളില്‍ 135 സീറ്റുകള്‍ നേടി, ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാണ് കോണ്‍ഗ്രസ് നിര്‍ണായക വിജയം നേടിയത്. ബിജെപി 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും കിംഗ് മേക്കര്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ജെഡി (എസ്) 19 സീറ്റുമായി താഴേക്ക് പോയി.