ലഹരി-ഗുണ്ടാ-മണ്ണ് മാഫിയ അവിശുദ്ധ കൂട്ടുകെട്ടിൽ പൊലീസ് സേനയ്‌ക്ക് നാണക്കേടായ മംഗലപുരം പൊലീസ് സ്റ്റേഷൻ സംസ്ഥാന സർക്കാർ ഒറ്റദിവസം കൊണ്ട് ക്ളീൻചെയ്തിരുന്നു. അതേസമയം തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന സെക്രട്ടേറിയേറ്റ് ജീവനക്കാരിക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ പൊലീസ് സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു. തിരുവനന്തപുരം നഗരം ഭരിക്കുന്ന ഗുണ്ടാനേതാവ്  ഓംപ്രകാശിൻ്റെ കൂട്ടാളികള്‍ കീഴടങ്ങിയതിനു പിന്നിൽ സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥയുടേയും സിപിഐ നേതാവിൻ്റെയും ഇടപെടലുണ്ടെന്ന് വ്യക്തമായെങ്കിലും ആഭ്യന്തര വകുപ്പ് കണ്ണടച്ച മട്ടാണെന്നുള്ള ആരോപണങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. അതേസമയം പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരെ നടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത ഇരട്ടത്താപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് സേനയ്ക്കുള്ളിൽ അടക്കംപറച്ചിലുകൾ പരക്കുന്നുണ്ട്. 

പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസിലെ പ്രതിയും ഗുണ്ടാ നേതാവ് ഓം പ്രകാശിൻ്റെ വലംകെെയുമായ വ്യക്തിയാണ് സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയുമായി വീഡിയോകോളിലുടെ സംസാരിച്ചത്. വെട്ടുകേസിലെ പ്രതികളെ തപ്പി പൊലീസ് പരക്കം പായുന്നതിനിടയിലാണ് ഒളിവിലിരുന്നുകൊണ്ട് പ്രതി ഉന്നത ഉദ്യോഗസ്ഥയുമായി വീഡിയോ കോളിൽ സംസാരിച്ചതെന്നാണ് സൂചനകൾ. കേസിൽ ഇടപെടൽ നടത്താനായിട്ടാണ് പ്രതി സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥയുമായി വീഡിയോ കോളിൽ ബന്ധപ്പെട്ടതെന്ന സൂചനയും പുറത്തു വരുന്നുണ്ട്.  ഓംപ്രകാശിൻ്റെ കൂട്ടാളിയായ ആരിഫാണ് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും സിപിഐ നേതാവിൻ്റെ മകളേയും വിഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. ഗുണ്ടാ നേതാവ് ഉന്നത ഉദ്യോഗസ്ഥയുമായി ബന്ധപ്പെട്ടുവെന്ന വിവരം ലഭിച്ച അന്വേഷണ സംഘം വീട്ടിൽ തിരച്ചിൽ നടത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ഫോണിൽ നിന്നാണ് ഇയാൾ ഊട്ടിയിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കിയത്. അതേസമയം സിപിഐ നേതാവിൻ്റെ മകളെ ആക്രമണത്തിന് തൊട്ടു മുൻപും ഗുണ്ടാനേതാവ് വിളിച്ചിരുന്നു എന്നുള്ളതിൻ്റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. 

സർക്കാർ ജീവനക്കാരായ പ്രമുഖരുമായി ഗുണ്ടാനേതാക്കൾ നിരന്തരം ബന്ധപ്പെടുമ്പോഴും അവർക്കെതിരെ യാതൊരുവിധ നടപടികളും സർക്കാർ കെെക്കൊള്ളാത്തത് പൊലീസ് സേനയുടെ ആത്മവീര്യം ചോർത്തുന്ന നടപടിയാണെന്ന് സേനയ്ക്കുള്ളിൽ അഭിപ്രായമുണ്ട്. അതേസമയം ഗുണ്ടാ നേതാക്കളുമായി ബന്ധമുണ്ടെന്ന കാരണത്താൽ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കെതിരെയും ആഭ്യന്തര വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ ഭരണപക്ഷത്തുള്ള സ്വാധീനവും സർവ്വീസ് സംഘടനാ നേതാവെന്നുള്ള മുൻതൂക്കവുമാണ് രക്ഷപ്പെടുത്തുന്നതെന്നുള്ള ആരോപണമാണ് പൊലീസ് സേന ഉയർത്തുന്നത്. അതേസമയം സസ്പെൻഷനും സ്ഥലംമാറ്റവും കിട്ടിയ പൊലീസ് ഉദ്യോഗസ്ഥർ ഇതിനെതിരെ പ്രതികരിച്ചെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. പൊലീസുകാർ ആർക്കും കൊട്ടാവുന്ന ചെണ്ടയായി മാറിയെന്നും പൊലീസുകാരേക്കാൾ കുറ്റകൃത്യങ്ങൾ ചെയ്യുന്ന പല സർക്കാർ ഉദ്യോഗസ്ഥരും സർവ്വീസ് സംഘടനകളുടെ ബലത്തിൽ രക്ഷപ്പെട്ടു പോകുകയാണെന്നും പൊലീസ് സേനയിലെ പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. 

തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ 32 പൊലീസുകാരിൽ അഞ്ചുപേരെ സസ്‌പെൻഡ് ചെയ്‌തതിന് പുറമേ ഒരാളെ ക്യാമ്പിലേക്കും 26 പേരെ വിവിധ സ്റ്റേഷനുകളിലേക്കുമാണ് സ്ഥലംമാറ്റിയത്. പകരം മറ്റുസ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ വ്യാഴാഴ്ച രാത്രി തന്നെ ഇവിടേക്ക് നിയമിക്കുകയായിരുന്നു. മംഗലപുരം ഇൻസ്‌പെക്ടർ സജീഷിൻ്റെ സസ്‌പെൻഷനു പിന്നാലെയാണ് പൊലീസുകാർക്കെതിരെയും നടപടി സ്വീകരിച്ചത്. ഇതാദ്യമായാണ് ഒരു സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റുിയത്. സജീഷിന് ഒത്താശ ചെയ്യുന്ന പൊലീസുകാർ സ്റ്റേഷനിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്‌തതിൻ്റെ അടിസ്ഥാനത്തിലായിരുന്നു എസ്ഐ ഉൾപ്പെടെ 24 പൊലീസുകാരെയും സ്ഥലംമാറ്റാൻ റൂറൽ എസ്︋പി ഡി ശില്പ ഉത്തരവിട്ടത്. ഇതോടൊപ്പം മറ്റ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ മറ്റൊരു ഉത്തരവിലൂടെ മാറ്റി നിയമിക്കുകയും ചെയ്‌തിരുന്നു.