ആം ആദ്‌മി പാർട്ടിയുടെ കേരള ഘടകം പിരിച്ചുവിട്ടു. പാർട്ടി ദേശീയ നേതൃത്വമാണ് തീരുമാനം അറിയിച്ചത്. കേരള ഘടകത്തിൽ നിലവിലുള്ള മുഴുവൻ ഭാരവാഹികളെയും പിരിച്ചുവിട്ടതായി എഎപി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ ഭാരവാഹികളെ വൈകാതെ തിരഞ്ഞെടുക്കുമെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. 

നേരത്തെ ഈ മാസമാദ്യം ഇതുമായി ബന്ധപ്പെട്ട യോഗം ഡൽഹിയിൽ ചേർന്നിരുന്നു. കേരളത്തിലെ പാർട്ടി ഘടകത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നാണ് സൂചന. കേരള ഘടകത്തിന്റെ പ്രവർത്തനങ്ങളിൽ ദേശീയ നേതൃത്വത്തിന് നേരത്തെ തന്നെ  അതൃപ്‌തി ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് നടപടിയിലേക്ക് നയിച്ചത്. 

വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് പിരിച്ചുവിടലെന്ന റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ഭരണത്തിലേറുകയും, പഞ്ചാബിൽ സർക്കാർ രൂപീകരിച്ച് കരുത്ത് കാട്ടുകയും ചെയ്‌ത എഎപിയ്ക്ക് കേരളത്തിലും സമാന രീതിയിലുള്ള മുന്നേറ്റം നടത്താനാവുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര ഘടകം.