വാഷിംഗ്ടണ്‍: ഐടി ഭീമന്‍മാരായ കമ്പനികള്‍ അടച്ചുപൂട്ടുന്നത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ ജോലി നഷ്ടമായ നിലയില്‍ ആയിരക്കണക്കിന് ഐടി ജീവനക്കാര്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ പോലെയുള്ള കമ്പനികളിലെ അടുത്തിടെ വന്ന അടച്ചുപൂട്ടലും ജീവനക്കാരെ കുറയ്ക്കലും മൂലം വര്‍ക്ക് വിസ അവസാനിക്കു സാഹചര്യത്തില്‍ അനേകം ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ് പുതിയ ജോലിക്കായി തൊഴിലന്വേഷണം നടത്തുന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ നവംബര്‍ മുതല്‍ രണ്ടു ലക്ഷത്തിനടുത്ത് പേരെ അടച്ചുപൂട്ടലുകള്‍ ബാധിച്ചു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോണ്‍ എന്നിവിടങ്ങളില്‍ റെക്കോഡ് നമ്പറിലാണ് തൊഴില്‍ പോയവര്‍. പണി നഷ്ടമായ മൊത്തം തൊഴിലാളികള്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെയാണ്. ഇവരില്‍ എച്ച് 1 ബി, എല്‍1 വിസക്കാരാണ് അധികവും.

അമേരിക്കന്‍ കമ്പനികള്‍ക്ക് അവരുടെ ടെക്‌നിക്കല്‍ വിദഗ്ദ്ധരായ വിദേശ ജീവനക്കാര്‍ക്ക് നല്‍കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്-1ബി. വര്‍ഷം തോറും ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാരെയാണ് ടെക്‌നോളജി കമ്പനികള്‍ ജോലിക്കായി എടുക്കുന്നത്. എല്‍-1 എ, എല്‍-1 ബി വിസകള്‍ വൈദഗ്ദ്ധ്യമുള്ള മാനേജീരിയല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നല്‍കി വരുന്ന താല്‍ക്കാലിക വിസകളാണ്. അനേകം ഇന്ത്യാക്കാരാണ് ഈ വിസയില്‍ ജോലി ചെയ്യുന്നത്. കുറഞ്ഞ കാലത്തിനുള്ളില്‍ പുതിയ ജോലി കണ്ടുപിടിക്കുക മാത്രമാണ് ഇവര്‍ക്ക് യുഎസില്‍ തങ്ങാനുള്ള ഏക മാര്‍ഗ്ഗം. അല്ലെങ്കില്‍ ഇവര്‍ക്ക് വിസാ സ്റ്റാറ്റസ് മാറ്റിയെടുക്കേണ്ടി വരും.

എച്ച്-1 ബി വിസയിലുള്ളവര്‍ക്ക് 60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്തേണ്ടി വരും. അല്ലെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും. മിക്ക ഐടി കമ്പനികളും ആളെ കുറച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ കാലയളവില്‍ പുതിയ കമ്പനിയില്‍ ജോലി കണ്ടെത്തുക ഇവരെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌ക്കരമാണ്. അതേസമയം ഐടി പ്രൊഫഷണല്‍സിനെ സഹായിക്കാനും തൊഴിലന്വേഷകര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനും ഐടി പ്രൊഫഷണല്‍സിന്റെ ആഗോള സംഘടനകളും രംഗത്തുണ്ട്.