ശ്രീനഗർ: രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് ജമ്മു കശ്മീരിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ ലഭിക്കുന്ന സംസ്ഥാന പദവി എടുത്ത് കളഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരും. ഇതിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും രാഹുൽ ഭാരത് ജോഡോ യാത്രയിൽ പറഞ്ഞു.

ജമ്മുകശ്മീരിന്റെ സംസ്ഥാനപദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. ഈ അധികാരം കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞു. നിലവിൽ കശ്മീർ ജനത ​വെറും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. മുഴുവൻ വ്യാപാരവും നടത്തുന്നത് പുറത്തുനിന്നുള്ളവരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലെത്തിയിരിക്കുകയാണ്. ജനുവരി 30ന് യാത്ര അവസാനിക്കും. സമാപനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ജനുവരി 30-ന് പത്തിന് ശ്രീനഗറിലെ പി.സി.സി. ഓഫീസ് അങ്കണത്തിൽ ദേശീയപതാക ഉയർത്തും. ഈ സമയം രാജ്യമെങ്ങും പതാക ഉയർത്തണമെന്ന് കോൺഗ്രസ് നിർദേശം നൽകിയിട്ടുണ്ട്. പി.സി.സി.കൾ, ഡി.സി.സി.കൾ, ബ്ലോക്ക് കമ്മിറ്റികൾ എന്നിവ മഹാത്മാഗാന്ധിയുടെ ഫോട്ടോവെച്ച് പാർട്ടിഓഫീസുകളിലോ പ്രധാനപ്പെട്ട സ്ഥലങ്ങളിലോ പതാക ഉയർത്തണമെന്നാണ് നിർദേശം.