നീൽ ആങ്സ്ട്രോങ്ങിനൊപ്പം ചന്ദ്രനിൽ കലുകുത്തിയ എഡ്വിൻ ആൽഡ്രിൻ തന്റെ 93ാം വയസിൽ ജീവിതത്തിന്റെ പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ദീർഘകാലമായുള്ള തന്റെ പ്രണയത്തെ വിവാഹത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണെന്നാണ് ആൽഡ്രിൻ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിവാഹത്തെ കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്. ലോസ് ആഞ്ചൽസിൽ സംഘടിപ്പിച്ച ചെറിയ ചടങ്ങിലായിരുന്നു വിവാഹം. 93 ാം പിറന്നാൾ ദിനമായ വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്.

‘ദീർഘകാല പ്രണയവും പങ്കാളിയുമായ ഡോ. അൻസ വി ​ഫൗറും ഞാനും വിവാഹിതരായി എന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലോസ് ആഞ്ചൽസിൽ നടന്ന ലളിതവും സ്വകാര്യവുമായ ചടങ്ങിൽ ഞങ്ങൾ വിവാഹത്തിന്റെ വിശുദ്ധിയിൽ ഒന്നിച്ചു. കൗമാരക്കാർ ഒളിച്ചോടുമ്പോഴുള്ള ആവേശമാണ് അനുഭവിക്കുന്നത്’ – അദ്ദേഹം കുറിച്ചു. 53,000ലൈക്കുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

1969 ജൂലൈ 20ന് അപ്പോളോ 11 ൽ നീൽ ആങ്സ്ട്രോങ്ങിനൊപ്പം ചന്ദ്രനിലെത്തിയ ആൽഡ്രിൻ ചന്ദ്രോപരിതലത്തിൽ നടക്കുകയും ചെയ്തിരുന്നു. ​മൈക്കൽ കോളിങ്ങായിരുന്നു സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ.