പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെയും കൊണ്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി മദ്യപസംഘം മകളെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. ആയൂര്‍ പെരുങ്ങള്ളൂര്‍ പെരുവറത്ത് വീട്ടില്‍ ദീപ്തിയുടെ ഭര്‍ത്താവ് 47 വയസുള്ള അജയകുമാറാണ് ആത്മഹത്യ ചെയ്തത്. 

ഇക്കഴിഞ്ഞ 18-ാം തീയതി വൈകിട്ട് ആറുമണിയോട് കൂടി ട്യൂഷന്‍ കഴിഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്ന വഴി വീടിന് തൊട്ടടുത്തുള്ള പണിതീരാത്ത വീടിന് സമീപത്തിരുന്നു  മദ്യപിക്കുകയായിരുന്ന സംഘം പിതാവിനൊപ്പം പോയ മകളോട് മോശമായി പെരുമാറി. മകളെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം പിതാവ് അജയകുമാര്‍ മകളെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്തു. എന്നാല്‍ നാല് പേരടങ്ങുന്ന മദ്യപസംഘം അജയകുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നു.

പോലീസില്‍ പരാതി നല്‍കാന്‍ പലരെയും വിളിച്ചെങ്കിലും പ്രതികളെ ഭയന്ന് ആരും തയ്യാറായില്ല. തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെയാണ് വീടിന് പിന്നിലെ ഷെഡില്‍ അജയകുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ കാരണക്കാരായ നാല് പ്രതികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അജയകുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു. അജയകുമാര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. അജയകുമാറിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.