ലേബര്‍ എംപിയും വിദ്യാഭ്യാസ മന്ത്രിയുമായ ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിയാണ് ഹിപ്കിന്‍സിന് നറുക്കുവീഴാനിടയാക്കിയത്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഏക നോമിനിയായി മാറിയ അദ്ദേഹത്തെ ഞായറാഴ്ച ചേരുന്ന ലേബര്‍ പാര്‍ട്ടി കോക്കസില്‍ പ്രധാനമന്ത്രിയായി അംഗീകരിക്കും. 64 നിയമസഭാ സാമാജികരുടെ യോഗമാണിത്. 

കോവിഡ് പ്രതിസന്ധിക്കാലത്തെ പ്രവര്‍ത്തന മികവുകൊണ്ട് ജനപ്രിയനായി മാറിയ നേതാവാണ് ഹിപ്കിന്‍സ്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം കോവിഡിന്റെ ചുമതലയുള്ള മന്ത്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഞങ്ങള്‍ അവിശ്വസനീയമാംവിധം ശക്തമായ ടീമാണെന്നാണ് കരുതുന്നതെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഹിപ്കിന്‍സ് പ്രതികരിച്ചിരുന്നു. ‘ഞങ്ങള്‍ ഐക്യത്തോടെയാണ് ഈ പ്രക്രിയയിലൂടെ കടന്നുപോയത്, അത് തുടരും. ന്യൂസിലന്‍ഡിലെ ജനങ്ങളുടെ സേവനത്തില്‍ യഥാര്‍ത്ഥ പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചര വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് താന്‍ രാജിവെക്കുകയാണെന്ന് ജസീന്ത ആര്‍ഡേണ്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇനി രാജ്യത്തെ നയിക്കാനില്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കില്ലെന്നും അവര്‍ പറഞ്ഞു. 2017ല്‍ അധികാരമേറ്റപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു  37കാരിയായ ജസീന്ത. കൂട്ട വെടിവയ്പ്പും കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടങ്ങളും കൈകാര്യം ചെയ്തതില്‍ ഇവര്‍ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു.