ബോളിവുഡ് താരങ്ങളായ കാജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകൾ നൈസയ്ക്കെതിരേ സദാചാര ആക്രമണം. സുഹൃത്തുകളുമൊത്ത് ക്രിസ്മസ് ആഘോഷനെത്തിയ നൈസയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോക്കൊപ്പമാണ് നൈസയെ അപകീർത്തിപ്പെടുന്ന തരത്തിലുള്ള പ്രതികരണങ്ങളുമായി ആളുകളെത്തിയത്.

നടക്കുന്നതിനിടെ നൈസ വീഴാൻ പോകുന്നത് വീഡിയോയിൽ കാണാമെന്നും അവർ മദ്യപിച്ചിട്ടുണ്ടെന്നും ആളുകൾ ആരോപിക്കുന്നു. അജയും കാജോളും മകളെ അച്ചടക്കം പഠിപ്പിക്കാത്തതിന്റെ പ്രശ്നമാണ് ഇതെന്നും ചിലർ കമന്റ് ചെയ്തു.

മാതാപിതാക്കൾ വർഷങ്ങൾകൊണ്ട് നേടിയെടുത്ത പേരും പ്രശ്സതിയും 15 മിനിറ്റുള്ള ഈ വീഡിയോയിലൂടെ ഈ പെൺകുട്ടി ഇല്ലാതാക്കി എന്നും ആളുകൾ വിമർശനവുമായെത്തി. മദ്യപിച്ച് ബോധമില്ലാത്ത നിങ്ങളുടെ മകളും ഒപ്പം സ്വഭാവദൂഷ്യമുള്ള ഒരു യുവാവും എന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. നൈസയുടെ വസ്ത്രത്തെ വിമർശിച്ചും ആളുകളുടെ പ്രതികരണം കാണാം.

സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാൻ, ഖുശി കപൂർ, മഹിക രാംപാൽ എന്നിവർക്കൊപ്പമാണ് നൈസ ക്രിസ്മസ് ആഘോഷിക്കാനെത്തിയത്. അതേസമയം സ്വകാര്യ ജീവിതത്തിൽ സോഷ്യൽ മീഡിയയുടേയും മാധ്യമങ്ങളുടേയും അമിതമായ ഇടപെടലിനെതിരെ കാജോൾ രംഗത്തെത്തി. മക്കളുടെ ജീവിതത്തേയാണ് ഇത് ബാധിക്കുന്നതെന്നും തന്റെ കുട്ടിക്കാലത്ത് ഇത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും കാജോൾ വ്യക്തമാക്കിയിരുന്നു.