ഭാരതീയരുടെ ട്രെന്‍ഡും ടേസ്റ്റും മാറിയ കാലമാണിത്. വിവാഹേതര ബന്ധങ്ങളില്‍ ഭാരതീയരും ചില്ലറക്കാരല്ലെന്ന സത്യം ഒടുവില്‍ പുറത്തുവന്നിരിക്കുകയാണ്. പശ്ചാത്യ ലോകത്ത് നിന്നെത്തിയ ഡേറ്റിംഗ് സംസ്‌കാരത്തിന് ഇന്ത്യയില്‍ ഇതുവരെ ലഭിക്കാത്ത പ്രചാരമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. സെലിബ്രിറ്റികളിലും അപ്പര്‍ ക്ലാസ് സമൂഹത്തിലും മാത്രം ഒതുങ്ങിയിരുന്ന ഡേറ്റിംഗിലേയ്ക്ക് കൂടുതല്‍ ആളുകള്‍ എത്തുകയാണ്. വിവിധ ആപ്പുകളിലൂടെ ഡേറ്റിംഗിലേയ്ക്ക് എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ത്യയില്‍ വലിയ തോതില്‍ വര്‍ധിക്കുന്നവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  

പുതുതലമുറയ്ക്ക് ഏറെ പരിചിതമായ വാക്കാണ് ഡേറ്റിംഗ്. ഇപ്പോള്‍ ഡേറ്റിംഗിനായി നിരവധി ആപ്പുകള്‍ പ്രചാരത്തിലുണ്ട്. പശ്ചാത്യ സംസ്‌കാരത്തിന്റെ അംശങ്ങള്‍ ഇന്ത്യയിലും പ്രചരിക്കുകയാണെന്നതിന് ഉത്തമ ഉദാഹരണമാണ് ഡേറ്റിംഗ് ആപ്പുകള്‍. ഇത്തരം ആപ്പുകള്‍ക്ക് വലിയ പ്രചാരമാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്. നമ്മുടെ സങ്കല്‍പ്പത്തിനും അപ്പുറമായിരുന്ന ഡേറ്റിംഗ് ഇന്ന് യുവതലമുറയ്ക്ക് പരിചിതമായി മാറിക്കഴിഞ്ഞു. 

ഫ്രാന്‍സില്‍ വിവാഹേതരബന്ധത്തിനുള്ള ഡേറ്റിംഗ് ആപ്പാണ് ‘ഗ്ലീഡന്‍’. കഴിഞ്ഞ ദിവസം ഗ്ലീഡന്‍ പുറത്തുവിട്ട ചില കണക്കുകളാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 10 ദശലക്ഷത്തിലധികം (1 കോടി) ഉപയോക്താക്കളെ സ്വന്തമാക്കിയെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ കണക്കുകള്‍ വലിയ കാര്യമായി തോന്നിയില്ലെങ്കിലും അതില്‍ 2 മില്യണ്‍ (20 ലക്ഷം) ആളുകള്‍ ഇന്ത്യക്കാരാണെന്നതാണ് ശ്രദ്ധേയം. 

വിവാഹ ജീവിതത്തിലും ഏകപങ്കാളിയെന്ന രീതിയിലും വിശ്വസിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ ഗ്ലീഡന്‍ ആപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള സബ്‌സ്‌ക്രൈബര്‍മാര്‍ വര്‍ധിച്ചുവരികയാണെന്നും ആപ്പിന്റെ ഇന്ത്യയിലെ കണ്‍ട്രി മാനേജര്‍ സിബില്‍ ഷിഡെല്‍ പറഞ്ഞു. 2022ല്‍ മാത്രം +18% പുതിയ ഉപയോക്താക്കളെയാണ് ലഭിച്ചത്. 2021 ഡിസംബറിലെ കണക്ക് നോക്കിയാല്‍ അത് 1.7 ദശലക്ഷത്തില്‍ നിന്ന് +2 ദശലക്ഷമായി വര്‍ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ജീവിതത്തില്‍ ഒരേയൊരു പങ്കാളിയില്‍ ഉറച്ചുനില്‍ക്കണമെന്ന് ഉറക്കെ പറയുന്ന ഇന്ത്യയില്‍ നിന്ന് തന്നെയാണ് ഇത്രയധികം ആളുകള്‍ ഗ്ലീഡന്‍ ആപ്പിലെ ഉപയോക്താക്കളായത്. 2022 സെപ്തംബറിനെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണ് ആപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം പുതിയ ഉപഭോക്താക്കളില്‍ 66 ശതമാനം പേര്‍ വികസിത നഗരങ്ങളില്‍ നിന്നും 44 ശതമാനം പേര്‍ വികസ്വര നഗരങ്ങളില്‍ നിന്നുമാണെന്ന് വ്യക്തമാണ്.  

ഗ്ലീഡന്‍ ആപ്പിന്റെ സബ്‌സ്‌ക്രൈബര്‍മാരില്‍ കൂടുതലും ധനിക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. എഞ്ചിനീയര്‍മാര്‍, ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവരാണ് ആപ്പ് കൂടുതലായും ഉപയോഗിക്കുന്നത്. ഇതില്‍ മുപ്പതുകളിലുള്ള പുരുഷന്‍മാരും 26 മുതല്‍ അങ്ങോട്ടുള്ള സ്ത്രീകളുമാണ് ഉള്ളതെന്നും ഗ്ലീഡന്‍ അറിയിച്ചിട്ടുണ്ട്.