യുക്രൈൻ തലസ്ഥാന നഗരമായ കീവിനടുത്തുള്ള ബ്രോവറി ടൗണിലെ നഴ്‌സറിക്ക് മുകളിൽ ഹെലികോപ്റ്റർ തകർന്ന് ഉക്രെയിൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് കുട്ടികൾക്കും ജീവൻ നഷ്‌ടമായി. അടിയന്തര സേവനങ്ങൾ സംഭവ സ്ഥലത്തേക്ക് അയച്ചതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. 

“ഈ ദുരന്തസമയത്ത് നഴ്‌സറിയിൽ കുട്ടികളും, ജീവനക്കാരും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരെയും ഒഴിപ്പിച്ചു. നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്” കൈവ് മേഖല ഗവർണർ ഒലക്‌സി കുലേബ ടെലിഗ്രാമിൽ എഴുതി. കീവ് മേഖലയിലെ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് കുട്ടികളടക്കം 16 പേർ മരിച്ചുവെന്ന് എഎഫ്‌പി പോലീസിനെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

ഹെലികോപ്റ്റർ തകരാൻ ഇടയാക്കിയ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ കുറിച്ച് റഷ്യയുടെ പ്രതികരണവും പുറത്തുവന്നിട്ടില്ല. ഇതിന് പുറമെ സംഭവം നടക്കുമ്പോൾ റഷ്യൻ ആക്രമണം ഉണ്ടായിരുന്നതിന്റെ സ്ഥിരീകരണവും യുക്രൈനിയൻ അധികൃതർ പങ്കുവയ്ക്കാത്ത സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമാവും അപകട കാരണം വ്യക്തമാവുകയുള്ളൂ.

“അപകടത്തിനിടയാക്കിയ സാഹചര്യത്തെയും, മരണത്തെ കുറിച്ചുമുള്ള വിവരങ്ങൾ ഞങ്ങൾ അന്വേഷിക്കുകയാണ്” യുക്രൈൻ പ്രസിഡൻഷ്യൽ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ ടെലിഗ്രാമിൽ കുറിച്ചു.

റഷ്യൻ ആക്രമണങ്ങളെ നേരിടാൻ, യുക്രൈൻ കഴിഞ്ഞ ആഴ്‌ചകളിൽ അവരുടെ സൈന്യത്തിന് വിപുലമായ ടാങ്കുകൾ (ജർമ്മൻ രൂപകൽപ്പനയിൽ വന്ന ലിയോപാർഡ് മോഡൽ) ലഭ്യമാക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. റഷ്യ-യുക്രൈൻ യുദ്ധത്തോടുള്ള പ്രതികരണത്തിന്റെ പേരിൽ ബെർലിൻ നിശിതമായി വിമർശിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കെയാണിത്.