വത്തിക്കാന്‍ സിറ്റി: സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഭൗതികശരീരം സംസ്‌കരിച്ചു. അന്ത്യശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്.

ചടങ്ങുകളുടെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയർപ്പിച്ചു. കർദിനാൾ തിരുസംഘത്തലവൻ ഇറ്റാലിയൻ കർദിനാൾ ജിയോവാനി ബത്താസ്തറെയും ശുശ്രൂഷകൾക്ക് കാർമികനായി. 120 കർദിനാൾമാരും 400 ബിഷപ്പുമാരും നാലായിരം വൈദികരും സഹകാർമികത്വം വഹിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറിയിൽ പോപ് ബെനഡിക്ട് പതിനാറാമനും അന്ത്യവിശ്രമം കൊള്ളും. 

സംസ്‌കാര ചടങ്ങിന് സാക്ഷിയാകാന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ വത്തിക്കാനിലെത്തിയിരുന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും ചടങ്ങില്‍ സംബന്ധിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചുവന്ന വസ്ത്രം ധരിച്ച കര്‍ദ്ദിനാള്‍മാരും കന്യാസ്ത്രീകളും വൈദികരും 50000- ഓളം വിശ്വാസികളും സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയിരുന്നു.

മുട്ടുവേദനയെ തുടര്‍ന്ന് വീല്‍ചെയറിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുന്നുകൊണ്ടാണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. സ്ഥാനം ത്യജിച്ച ഒരു മാര്‍പാപ്പയുടെ സംസ്‌കാരത്തിന് മറ്റൊരു മാര്‍പാപ്പ നേതൃത്വം കൊടുക്കുന്ന അപൂര്‍വ്വതകൂടിയുണ്ടായിരുന്നു ചടങ്ങിന്.