തിരുവനന്തപുരം: സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്ന ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍. സര്‍ക്കാരും ഗവര്‍ണറുമായുള്ള തര്‍ക്കം തുടരവേ പോയ നിയമസഭാ സമ്മേളനത്തിലാണ് ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നതടക്കമുള്ള 17 ബില്ലുകള്‍ നിയമസഭ പാസാക്കിയത്. ഇതില്‍ 16 ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. അതേസമയം ചാന്‍സലര്‍ ബില്‍ തീരുമാനം എടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നേരത്തെ നിയമപദേശം തേടിയിരുന്നു. ബില്ലില്‍ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം.

വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലില്‍ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടര്‍ തീരുമാനം.

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചതിനെ തുടര്‍ന്ന് ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തര്‍ക്കത്തിലെ മഞ്ഞുരുകലിന്റെ സൂചനകള്‍ പുറത്തു വന്നിരുന്നു.  തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. 

നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കാതെ ഡിസംബര്‍ 13ന് അവസാനിച്ച സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.. പിരിയാതെ വീണ്ടും നിയമസഭാ സമ്മേളനം ചേര്‍ന്ന് നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം വിളിച്ചു ചേര്‍ത്ത് ഗവര്‍ണറുമായുള്ള പോര് തുടരാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം വിരാമമിട്ടാണ് സഭ പിരിഞ്ഞതായി അറിയിച്ചു കൊണ്ട് ജനുവരി 23 മുതല്‍ എട്ടാമത് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭായോഗം ഇന്ന് തീരുമാനിച്ചത്.