തിരുവനന്തപുരം: മലയാളിത്തം നിറഞ്ഞ പാട്ടുകളാൽ ആസ്വാദകഹൃദയങ്ങളിൽ ഇടംപിടിച്ച ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ദീര്ഘനാളുകളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. രണ്ടുവർഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് പ്രസാദ് വിശ്രമത്തിലായിരുന്നു.

1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാൺകിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.