ന്യൂഡൽഹി: വിമാന യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചു. ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർഇന്ത്യ വിമാനത്തിലാണ് സംഭവം. സഹയാത്രക്കാരിയായിരുന്ന 70കാരിയുട നേരെയാണ് യുവാവ് മൂത്രമൊഴിച്ചത്. പരാതിപ്പെട്ടിട്ടും ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. എയര്‍ ഇന്ത്യ 102 വിമാനത്തിലായിരുന്നു സംഭവം നടന്നത്. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു ദുരനുഭവം ഉണ്ടായത്. 

നവംബർ 26ന് എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വെച്ചായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം ലൈറ്റുകൾ ഓഫ് ആയപ്പോൾ മദ്യപിച്ച ഒരാൾ സീറ്റിനടുത്ത് എത്തി പാന്റ്‌സിന്റെ സിപ്പ് തുറന്ന് സ്ത്രീയുടെ നേരെ മൂത്രമൊഴിക്കുകയായിരുന്നു. ഉടൻ തന്നെ സംഭവം ക്യാബിൻ ക്രൂവിനെ അറിയിച്ചതായി എഴുപതുകാരി അറിയിച്ചു. ക്രൂ അംഗങ്ങൾ സ്ത്രീയ്ക്ക് വസ്ത്രങ്ങളും ചെരുപ്പുകളും നൽകി സീറ്റിലേക്ക് മടങ്ങി അയച്ചു. 

യാത്രക്കാരനെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് എയർലൈൻസ് അറിയിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ റെഗുലേറ്ററി അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരിയുമായി ബന്ധപ്പെടുന്നുണ്ടെന്നും എയർലൈൻ അധികൃതർ അറിയിച്ചു. യാത്രക്കാരനെതിരെ നടപടി സ്വീകരിക്കാനായി എയർ ഇന്ത്യ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചതായും എയർ ഇന്ത്യ അധികൃതർ പറഞ്ഞു.