ഗാനമേളകളിലൂടെ കടന്നു വന്ന് പിന്നീട് മലയാള സിനിമ പിന്നണിഗാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് റിമി ടോമി. വ്യത്യസ്തമായ ആലാപന ശൈലിയും വേദികളെ ഇളക്കി മറിക്കാനുള്ള കഴിവുമാണ് റിമി ടോമിയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയത്. ഇപ്പോള്‍ ഇതാ റിമി ടോമിയെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ മുമ്പൊരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്. 

ഏഷ്യാനെറ്റിന്റെ കോമഡി അവാര്‍ഡ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയതായിരുന്നു റിമി. ഇതേ വേദിയില്‍ വെച്ച് കുഞ്ചാക്കോ ബോബനുമായി റിമി നടത്തിയ രസകരമായ സംഭാഷണത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണിപ്പോള്‍.

തന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയായിരുന്നു റിമി ടോമിയെന്ന് ചാക്കോച്ചന്‍ പറഞ്ഞു. തന്നെ കൊണ്ട് റിമിയെ കെട്ടിക്കാനുള്ള പ്ലാനും അപ്പച്ചനുണ്ടായിരുന്നു. എന്നാല്‍ കെട്ടാതിരുന്നത് തന്റെ ഭാഗ്യം എന്നല്ലാതെ പറയാനാണ് എന്ന് ചാക്കോച്ചന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍  വേദിയിലിരുന്ന താരങ്ങളെ പോലും ചിരിപ്പിച്ചു. 

ചാക്കോച്ചന്റെ വാക്കുകള്‍ തന്റെ ചങ്കില്‍ കൊണ്ടെന്നായിരുന്നു റിമി ടോമിയുടെ മറുപടി. അപ്പച്ചന്‍ ഇഷ്ടമാണെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് വല്ലാതെ നിരാശ തോന്നുന്നു. ഒന്ന് പാല വരെ വന്ന് കല്യാണം ആലോചിച്ച് കൂടായിരുന്നോ എന്നും റിമി ചാക്കോച്ചനോട് ചോദിച്ചു. തുടര്‍ന്ന് ‘എന്നും നിന്നെ പൂജിക്കാം’ എന്ന ചാക്കോച്ചന്റെ പാട്ട് റിമി പാടുകയും ചെയ്തു. 

കോട്ടയം പാലായില്‍ ടോമി ജോസഫിന്റെയും റാണി ടോമിയുടെയും മകളായി 1983ലാണ് റിമിയുടെ ജനനം. എയ്ഞ്ചല്‍ വോയിസ് എന്ന ട്രൂപ്പിനൊപ്പമാണ് റിമി തന്റെ സംഗീത ജീവിത യാത്ര ആരംഭിച്ചത്. അന്നേവരെ നില നിന്നിരുന്ന സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ നിന്ന് വ്യത്യസ്തമായി കാണികളെ ആവേശം കൊള്ളിക്കിന്നതായിരുന്നു റിമിയുടെ പാട്ടുകള്‍. 

കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് റിമി ടോമി തന്റെ 39-ാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ റിമിയെ കണ്ടാല്‍ 39 വയസ് പ്രായമൊന്നും തോന്നിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നാദിര്‍ഷയാണ് റിമിയെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത്. ദീലീപ് നായകനായ മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെ റിമി മലയാള സിനിമ പിന്നണി ഗാനത്തേക്ക് ചുവടുവെച്ചു. അക്കാലത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു അത്. ഇന്നും ആ പാട്ടിന് ആരാധകര്‍ ഏറെയാണ്. തുടര്‍ന്നിങ്ങോട്ട് നിരവധി ഹിറ്റ് ഗാനങ്ങളുടെ ശബ്ദമാകാന്‍ റിമിക്കായി. 

ഗായിക, അവതാരിക, നടി, യൂട്യൂബ് വ്‌ളോഗര്‍ എന്നിങ്ങനെ ഏതു മേഖലയിലും റിമി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ നായികയായും റിമി എത്തിയിരുന്നു. റിമി ടോമി അവതാരകയായും ജഡ്ജായും എത്തുന്ന പരിപാടികള്‍ക്കും ആരാധകര്‍ ഏറെയാണ്. റിമിയുടെയും ഷാറൂഖ് ഖാന്റെയും സ്റ്റേജ് പെര്‍ഫോമന്‍സും അഭിമുഖമുമൊക്കെ ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു യൂട്യൂബ് വ്‌ളോഗര്‍ കൂടിയാണ് റിമി ഇപ്പോള്‍. ഒട്ടേറെ ഫോളോവേഴ്സാണ് റിമിക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.