മെറ്റാ, ആമസോൺ, ട്വിറ്റർ തുടങ്ങിയ എതിരാളികൾ പ്രവർത്തനച്ചെലവ് ലാഭിക്കുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം വൻതോതിൽ പിരിച്ചുവിടൽ ആസൂത്രണം ചെയ്യുന്ന മറ്റൊരു ടെക് ഭീമൻ ഗൂഗിളാണ്. ഇതിന്റെ ഭാഗമായി ഗൂഗിൾ പാരന്റ് കമ്പനി ആൽഫബെറ്റ് വരും ആഴ്‌ചകളിൽ ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ആഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു. അടുത്തിടെ നടന്ന യോഗത്തിന് ശേഷമാണ് ഗൂഗിളിലെ ആഭ്യന്തര കാര്യങ്ങളിൽ അനിശ്ചിത്വം ഉടലെടുത്തിരിക്കുന്നത്.

ബിസിനസ് ഇൻസൈഡർ പറയുന്നതനുസരിച്ച്, സിഇഒ സുന്ദർ പിച്ചൈ ഉടൻ തന്നെ നടക്കുന്ന പിരിച്ചുവിടലിനെക്കുറിച്ച് സൂചന നൽകുകയും, കമ്പനിയുടെ ഭാവി പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്ന് ജീവനക്കാരോട് പറയുകയും ചെയ്‌തതയാണ് സൂചന. ഇത് ആദ്യമായല്ല ഗൂഗിൾ പിരിച്ചുവിടലിനെക്കുറിച്ച് സൂചന നൽകുന്നത്. ഈ വർഷം അവസാനത്തോടെ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് പിച്ചൈ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

ലക്ഷ്യം നിറവേറ്റാനായി സുപ്രധാന പൊസിഷനുകളിലേക്ക് അല്ലാത്ത നിയമനങ്ങൾ എല്ലാം തന്നെ കമ്പനി മരവിപ്പിച്ചിരിക്കുകയാണ്. ഇതിനൊപ്പം GRAD എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ സംവിധാനം ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നതിനാൽ ഗൂഗിൾ ജീവനക്കാർ കൂടുതൽ ആശങ്കാകുലരാണ്. ജീവനക്കാരുടെ പ്രകടനം വിലയിരുത്താനുള്ള സംവിധാനമാണെന്ന് പറയുമ്പോഴും ഇതിൽ ജീവനക്കാർ ആശങ്കയിലാണ്. പിരിച്ചുവിടൽ വാർത്തകൾക്ക് ഇടയിലെത്തുന്ന പുതിയ സംവിധാനം ഏത് രീതിയിൽ ബാധിക്കുമെന്നാണ്‌ ജീവനക്കാരുടെ ഭയം.

അതേസമയം, ഒക്‌ടോബർ അവസാനം ഇലോൺ മസ്‌ക് ഔദ്യോഗികമായി ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിലൂടെയാണ് സിലിക്കൺ വാലിയിലെ കൂട്ട പിരിച്ചുവിടലുകൾ ആരംഭിച്ചത്. ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെ അദ്ദേഹം വെട്ടിക്കുറച്ചു, ഇതിന്റെ ചുവട് പിടിച്ചാണ് മറ്റ് പ്രമുഖ കമ്പനികളും കൂട്ട പിരിച്ചുവിടലുകൾ നടപ്പിലാക്കിയത്. 

ആമസോണിലും മെറ്റയിലുമായി ആകെ 20,000 ജീവനക്കാർക്കാണ് ജോലി നഷ്‌ടമായത്. മറ്റ് സാങ്കേതിക ഭീമൻമാരായ അഡോബ്, സെയിൽസ്ഫോഴ്‌സ്‌ എന്നിവയും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ഇന്ത്യയിലാവട്ടെ ബൈജൂസും ജോഷും പോലെയുള്ള കമ്പനികൾ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ ആഘാതത്തിൽ നിന്ന് മുക്തരല്ല.