ഇന്ത്യൻ പൗരന്മാരോട് അടിയന്തിരമായി യുക്രയ്ൻ വിടാൻ നിർദ്ദേശം നൽകി ഇന്ത്യൻഎംബസി. റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനെ തുടർന്നാണ് നിർദ്ദേശം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കി.

യുക്രെയ്‌നിലേക്ക് യാത്ര പോകരുതെന്നും നിർദ്ദേശമുണ്ട്. യുക്രെയ്‌നിലെ നാല് നഗരങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുഡിൻ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്നാണ് എംബസി നിർദ്ദേശം പുറത്തിറക്കിയത്. 

ഇറാൻ നിർമ്മിത കാമികസ് ആളില്ലാ വിമാനം ഉപയോഗിച്ച് നടത്തുന്ന ആക്രമണവും യുക്രെയ്‌നിൽ രൂക്ഷമായിരിക്കുകയാണ്. ഇത്തരത്തിൽ നടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. യുക്രെയ്‌നിയക്കാരെ കൊല്ലാൻ റഷ്യയെ ഇറാൻ സഹായിച്ചതിന് പിന്നാലെ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിക്കുമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിച്രോ കുലേബ പറഞ്ഞിരുന്നു.