ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന കായിക  മത്സരത്തിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്ത ഇറാനിൽ നിന്നുള്ള ക്ലൈംമ്പിംഗ് താരം എൽനാസ് റെഖാബി വാർത്തകളിൽ ഇടം നേടിയിരുന്നു. താരത്തിൽ ടെഹ്‌റാൻ വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ റെഖാബിയെ അറസ്റ്റ് ചെയ്‌തേയ്ക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. 

റെഖാബിയെ കാണാതായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച മുതൽ റെഖാബിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളാണ് പറഞ്ഞത്. ചൊവ്വാഴ്ചയാണ് റെഖാബി ടെഹ്‌റാനിലേക്കുള്ള വിമാനത്തിൽ കയറിയത്. അതിന് മുൻപ് താരത്തിന്റെ പാസ്‌പോർട്ടും മൊബൈൽ ഫോണും കണ്ടുകെട്ടുകയും ചെയ്തിരുന്നു. 

സിയോളിൽ നടന്ന ഏഷ്യൻ ക്ലൈംബിംഗ് മത്സരത്തിൽ ഇറാനിയൻ അത്ലറ്റ് എൽനാസ് റെഖാബി  ഹിജാബ് ധരിക്കാതെ പങ്കെടുത്തു. ഹിജാബ് ധരിക്കാതെ റോക്ക് ക്ലൈംബിംഗ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ റെഖാബി ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. എന്നാൽ ഇറാനിൽ സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കിയതിനാൽ താരത്തിന്റെ സുരക്ഷയിലും ആശങ്കയുണ്ടായിരുന്നു.

പിന്നാലെ വിശദീകരണവുമായി റെഖാബിയ എത്തിയിരുന്നു. ശിരോവസ്ത്രം മത്സരത്തിനിടെ അശ്രദ്ധമൂലം വീണ് പോയതെന്നാണ് എൽനാസിൻറെ പ്രതികരണം. എൽനാസിൻറെ വിശദീകരണം ഭരണകൂടത്തെ ഭയന്നാണെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ കായിക താരങ്ങളും ഇറാനിൽ ശിരോവസ്ത്ര നിയമം പാലിക്കണമെന്ന് നിബന്ധനയുണ്ട്.

വിദേശത്ത് നടക്കുന്ന ഏത് ചടങ്ങുകളിലും മത്സരങ്ങളിലും പങ്കെടുക്കാൻ ഇറാനിയൻ സ്ത്രീകൾ ഹിജാബ് ധരിക്കണം. പണ്ട് ഹിജാബ് ധരിച്ചാണ് റെഖാബിയ മത്സരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഹിജാബ് ധരിച്ച് മത്സരത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് പലതവണ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്ന് അവർ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.

ശിരോവസ്ത്ര നിയമങ്ങൾക്കെതിരെ ഇറാനിൽ പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. കഴിഞ്ഞ മാസം മഹ്സ അമിനി എന്ന സ്ത്രീ പോലീസ് കസ്റ്റഡിയിൽ മരിച്ചതു മുതൽ, ഇറാൻ ഉൾപ്പെടെ ലോകമെമ്പാടും ഹിജാബിനെതിരെ പ്രതിഷേധം നടക്കുകയാണ്. ഹിജാബിനെ എതിർക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ പ്രകടനങ്ങളിൽ ഇതുവരെ 200-ലധികം ആളുകൾ മരിച്ചിരുന്നു.