ചെന്നൈ: തമിഴ്നാട്ടില്‍ കഴിഞ്ഞ എട്ടു മാസത്തിനകം 2516 ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്ന് ബോധവത്കരണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍. 38 ജില്ലകളിലും ബോധവത്കരണ കാമ്പയിനുകള്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.

സംസ്ഥാന സാമൂഹിക ക്ഷേമ – വനിതാശാക്തീകരണ വകുപ്പുകളുടെ കണക്കുപ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റുവരെ 2,516 ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 734 വിവാഹങ്ങള്‍ നടന്നു. 1782 വിവാഹങ്ങള്‍ തടയാനായി. നാമക്കല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 182 ശൈശവ വിവാഹങ്ങള്‍ അവിടെ നടന്നു. ഇതുമായിബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ 548 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കടലൂര്‍, ദിണ്ടിക്കല്‍, സേലം, കൃഷ്ണഗിരി, തേനി, തിരുച്ചിറപ്പള്ളി, ഈറോഡ് ജില്ലകളും ശൈശവ വിവാഹത്തില്‍ മുന്നിലാണ്. അരിയല്ലൂര്‍, ധര്‍മപുരി, കൃഷ്ണഗിരി, പുതുക്കോട്ട ജില്ലകളിലെ 95 ശതമാനം ശൈശവ വിവാഹങ്ങളും പോലീസും സാമൂഹികക്ഷേമവകുപ്പും ചേര്‍ന്ന് തടഞ്ഞു.

ശൈശവവിവാഹം കൂടാന്‍ സാധ്യതയുള്ളതിനാല്‍ സിനിമ- സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തി ബോധവത്കരണ വീഡിയോകള്‍ തയ്യാറാക്കി തിയേറ്ററുകളിലും ചാനലുകളിലും പ്രദര്‍ശിപ്പിച്ച് ബോധവല്‍കരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം ശൈശവ വിവാഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവര്‍ത്തന മാതൃകയും സാമൂഹിക ക്ഷേമവകുപ്പ് തയ്യാറാക്കും