ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ അമേരിക്കൻ സന്ദർശനത്തിനിടെ യു.എസിലെ പ്രമുഖ പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ വന്ന പരസ്യത്തിനെതിരെ കേന്ദ്ര സർക്കാർ. കഴിഞ്ഞയാഴ്ച ലോകബാങ്ക്-ഐ.എം.എഫ് യോഗങ്ങളിൽ പങ്കെടുക്കാൻ നിർമല സീതാരാമൻ യു.എസിൽ എത്തിയപ്പോഴാണ് ‘ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ല’ എന്ന രീതിയിൽ ഒരു മുഴുപ്പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

നിർമല സീതാരാമനും സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാരും അന്വേഷണ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ 11 പേർക്കെതിരെ സാമ്പത്തിക, വിസ ഉപരോധം ഏർപ്പെടുത്തണമെന്നും പരസ്യത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, പരസ്യം ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ അതിനെ അപലപിക്കുകയും ചെയ്തു.

നിർമല സീതാരാമൻ ഉൾപ്പെടുന്ന മോദി സർക്കാർ, ഗവൺമെന്റ് സംവിധാങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ, ബിസിനസ് എതിരാളികളെ അടിച്ചമർത്തുകയും നിയമവാഴ്ച തകർക്കുകയും​ ചെയ്യുന്നത് ഇന്ത്യയെ നിക്ഷേപകർക്ക് സുരക്ഷിതമല്ലാത്ത ഇടമാക്കിയിരിക്കുകയാണെന്ന് പരസ്യം ആരോപിച്ചു. “നിങ്ങൾ ഇന്ത്യയിലെ ഒരു നിക്ഷേപകനാണെങ്കിൽ, അടുത്തത് നിങ്ങളുടെ ഊഴമായിരിക്കാം. മോദി സർക്കാരിന് കീഴിൽ, നിയമവാഴ്ചയുടെ തകർച്ച ഇന്ത്യയെ നിക്ഷേപ സൗഹൃദമല്ലാത്ത സ്ഥലമാക്കി മാറ്റി,” പരസ്യത്തിൽ പറയുന്നു.

സീതാരാമനെ കൂടാതെ, സുപ്രീം കോടതി ജഡ്ജിമാരായ വി. രാമസുബ്രഹ്മണ്യൻ, ഹേമന്ത് ഗുപ്ത, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അസി. ഡയറക്ടർ ആർ. രാജേഷ്, ആൻട്രിക്സ് കോർപറേഷൻ ചെയർമാൻ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ബിസിനസ് വിഭാഗം) രാകേഷ് ശശിഭൂഷൺ, അഴിമതി നിരോധന നിയമം പ്രത്യേക ജഡ്ജ് ചന്ദ്രശേഖർ, അഡീഷനൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (സി.ബി.ഐ) ആശിഷ് പരീഖ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ എ. സാദിഖ് മുഹമ്മദ് നൈജ്നാർ, എൻഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്ര എന്നിവാണ് പരസ്യത്തിൽ പരാമർശിക്കപ്പെട്ടവർ.

ഗ്ലോബൽ മാഗ്നിറ്റ്‌സ്‌കി ഹ്യൂമൻ റൈറ്റ്‌സ് അക്കൗണ്ടബിലിറ്റി ആക്‌ട് പ്രകാരം ഇവർക്കെതിരെ സാമ്പത്തിക, വിസ ഉപരോധം ഏർപ്പെടുത്താൻ ഞങ്ങൾ യു.എസ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരസ്യത്തിൽ പറയുന്നു. ധനമന്ത്രി സീതാരാമൻ ഉൾപ്പെടെ 11 ഇന്ത്യൻ ഉദ്യോഗസ്ഥരെ ‘മോദിയുടെ മാഗ്നിറ്റ്‌സ്‌കി 11’ എന്നാണ് പരസ്യം വിശേഷിപ്പിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ വിദേശ സർക്കാർ ഉദ്യോഗസ്ഥരുടെ യു.എസിലേക്കുള്ള പ്രവേശനം നിരോധിക്കാനും അവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും അധികാരം നൽകുന്നതാണ് മാഗ്നിറ്റ്സ്കി നിയമം.

ഇന്ത്യൻ വ്യവസായിയായ രാമചന്ദ്രൻ വിശ്വനാഥനും സുഹൃത്തുക്കളും ചേർന്ന് യു.എസ് ആസ്ഥാനമായി സ്ഥാപിച്ച ഫ്രോണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം ഫൗണ്ടേഷനാണ് പരസ്യത്തിന് പിന്നിലെന്ന് കരുതുന്നു. പരസ്യത്തിന്റെ ചുവടെയുള്ള ക്യുആർ കോഡ് ഇതിന്റെ വെബ്‌സൈറ്റിലേക്കാണ് നയിക്കുന്നത്. ദേവാസ് മൾട്ടി മീഡിയ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് വിശ്വനാഥൻ.

2005ൽ ദേവാസും ബഹിരാകാശ വകുപ്പിന്റെ ബിസിനസ് വിഭാഗമായ ആൻട്രിക്‌സും തമ്മിലുള്ള ഇടപാടിൽ വിശ്വനാഥനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ, ഇവർ തമ്മിലുള്ള തർക്കം ഇന്ത്യൻ സർക്കാർ കരാർ റദ്ദാക്കുന്നതിലേക്ക് നയിക്കുകയും ഇത് ദേവാസും ആൻട്രിക്‌സും തമ്മിലുള്ള നിയമപോരാട്ടത്തിൽ കലാശിക്കുകയും ചെയ്തു. ആൻട്രിക്‌സുമായുള്ള ഇടപാടിൽ ദേവാസ് ക്രമക്കേട് നടത്തിയെന്ന് ഈ വർഷം ജനുവരിയിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെ തുടർന്ന് ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം ഇന്റർനാഷനലിന്റെ സഹായത്തോടെ ദേവാസ് യു.എസ് കോടതിയെ സമീപിക്കുകയും യു.എസിലെ ആൻട്രിക്സിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും പണവും കണ്ടുകെട്ടാൻ ദേവാസിന് കോടതി അനുമതി നൽകുകയും ചെയ്തു.

അതേസമയം, ഇന്ത്യയും യു.എസും തമ്മിലുള്ള ക്രിമിനൽ വിഷയങ്ങളിലെ പരസ്പര നിയമ സഹായ ഉടമ്പടി ഉപയോഗിച്ച് വിശ്വനാഥനെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സർക്കാർ. വിശ്വനാഥനെ കൈമാറാൻ ഇന്ത്യൻ സർക്കാർ നടത്തിയ ശ്രമങ്ങളാണ് വാൾസ്ട്രീറ്റ് ജേണലിൽ പരസ്യം നൽകാൻ പ്രേരിപ്പിച്ചതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.