ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കുത്തിവെപ്പ് അവസാനിച്ചിട്ടില്ലെന്നും മൂന്നുകോടി വാക്സിൻകൂടി സ്റ്റോക്കുണ്ടെന്നും അധികൃതർ. കുത്തിവെപ്പ് അവസാനഘട്ടത്തിലാണ്. കുറച്ചുമാസത്തേക്കുകൂടിയുള്ള വാക്സിൻ കരുതലുണ്ട്.

നിലവിലെ സാഹചര്യത്തിൽ വാക്സിൻ സംഭരിക്കേണ്ട ആവശ്യമില്ല. വാക്സിനേഷന്റെ വേഗംകൂട്ടാനുള്ള ശ്രമത്തിൽത്തന്നെയാണ് കേന്ദ്രസർക്കാർ. വരുംദിവസങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം പരിശോധിച്ച് പുതിയതായി വാക്സിൻ സംഭരിക്കുന്നതിൽ തീരുമാനമെടുക്കും.

2021 ജൂൺ 21-നാണ് രാജ്യത്ത് കോവിഡ് പ്രതിരോധകുത്തിവെപ്പ് തുടങ്ങിയത്. ഒന്ന്, രണ്ട്, മുൻകരുതൽ എന്നിങ്ങനെയായി ഇതുവരെ 219.32 കോടി ഡോസ് വാക്സിൻ ഉപയോഗിച്ചുകഴിഞ്ഞു.

തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 2041 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 26,625 പേർ ചികിത്സയിലുണ്ട്. അതിനിടെ ചൈനയിൽ കണ്ടെത്തിയ പുതിയ ഒമിക്രോൺ വകഭേദമായ ബി.എ. 5.1.7-ന് ഉയർന്ന രോഗവ്യാപനനിരക്കുള്ളതായും റിപ്പോർട്ട്‌ പുറത്തുവന്നു.