ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദശേഖര റാവുവിൻ്റെ ദേശീയ പാർട്ടി പ്രഖ്യാപനത്തിൽ പരിഹാസവുമായി ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ. ടിആർഎസിനെ ബിആർഎസ് ആയി പ്രഖ്യാപിച്ചത് പന്നിക്ക് ലിപ്സ്റ്റിക് ഇടുന്നതുപോലെയാണെന്ന് ബണ്ടി സഞ്ജയ് കുമാർ ട്വിറ്ററിലൂടെ പരിഹസിച്ചു.

നിലവിലെ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയെ (ടിആർഎസ്) ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്ന് മാറ്റിയായിരുന്നു കെ ചന്ദശേഖര റാവുവിൻ്റെ ദേശീയ പാർട്ടി പ്രഖ്യാപനം. ടിആർഎസിൻ്റെ കാർ തന്നെ പുതിയ പാർട്ടിയുടെ ചിഹ്നമായി തുടരും, പിങ്ക് നിറത്തിലുള്ള പഴയ പാർട്ടി പതാകയിൽ ഇന്ത്യയുടെ ഭൂപടം കൂടി ഉൾപ്പെടുത്തിയാണ് കെ സി ആറിൻ്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്.

“ടിആർഎസിനെ ബിആർഎസ് ആയി പ്രഖ്യാപിച്ചത് പന്നിക്ക് ലിപ്സ്റ്റിക് ഇടുന്നതുപോലെയാണ്. കെ സി ആർ ഗെയിം ചേഞ്ചേർ ആണെന്നായിരുന്നു ട്വിറ്റർ ടില്ലുവിൻ്റെ അവകാശവാദം. പക്ഷേ പിതാവ് നെയിം ചേഞ്ചർ ആയി. ആത്യന്തികമായി ജനങ്ങളാണ് വിധി മാറ്റുന്നവർ”- ബണ്ടി സഞ്ജയ് കുമാർ ട്വിറ്ററിൽ കുറിച്ചു. ടിആർഎസ് വർക്കിങ് പ്രസിഡൻ്റും കെ സി ആറിൻ്റെ മകനുമായ കെ ടി രാമറാവുവിനെയാണ് ടിറ്റർ ടില്ലുവെന്ന് ബണ്ടി സഞ്ജയ് കുമാർ കളിയാക്കി വിളിച്ചത്.

കെ സി ആറിൻ്റെ ദേശീയ പാർട്ടി പ്രഖ്യാപനത്തിൽ പ്രതികരണവുമായി കൂടുതൽ ബിജെപി നേതാക്കളും രംഗത്തെത്തി. പാർട്ടികൾ വരുന്നത് പുതിയകാര്യമല്ലെന്നായിരുന്നു കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയുടെ പ്രതികരണം. സർക്കാരിനെ സാമ്പത്തികമായി നിലനിർത്താൻ പാടുപെടുമ്പോൾ കെ സി ആറിൻ്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം അനവസരത്തിലുള്ളതാണെന്നു ബിജെപി തെലങ്കാന വക്താവ് കെ കൃഷ്ണ സാഗർ റാവു വിമർശിച്ചു. ടിആർഎസ് എന്ന പേര് മാറ്റി ബിആർഎസ് എന്നാക്കിയാൽ എങ്ങനെ ഒരു പാർട്ടി ദേശീയ പാർട്ടിയായി മാറും. അതിന് വിവിധ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ പിന്തുണ ലഭിക്കണമെന്നും കെ കൃഷ്ണ സാഗർ റാവു പറഞ്ഞു.