ബാസ്തി: ഉത്തര്‍പ്രദേശിലെ ബാസ്തിയില്‍ അധ്യാപികയെ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. ബാസ്തി സദാറിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ തന്നെ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മറ്റ് രണ്ട് ഡോക്ടർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൈലി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ സിദ്ധാര്‍ദ്ധിനെതിരെയാണ് അധ്യാപികയായ യുവതിയുടെ പരാതി. സമൂഹമാധ്യമം വഴിയാണ് ഡോ. സിദ്ധാര്‍ത്ഥിനെ യുവതി പരിചയപ്പെടുന്നത്. ഓഗസ്റ്റ് പത്താം തീയതി ബസ്തിയിലെ ആശുപത്രിയിലെത്താന്‍ സിദ്ധാര്‍ത്ഥ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെ ഹോസ്റ്റല്‍ റൂമിലെത്തിച്ച് ഡോക്ടര്‍ തന്നെ ബലമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹോസ്റ്റല്‍ റൂമില്‍ ഡോ. സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കളായ രണ്ട് ഡോക്ടര്‍മാരുമുണ്ടായിരുന്നുവെന്നും ഇവർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ ആരോപണം. ലഖ്‌നോവിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് യുവതി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും ഒരു ഡോക്ടര്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.