ഭുവനേശ്വർ: കൽക്കരി കയറ്റിവന്ന ലോറി നിയന്ത്രണം നഷ്‌ടപ്പെട്ട് ബസിലേക്ക് ഇടിച്ചുകയറി വൻ അപകടം. ഒഡീഷയിലെ ഛാർസുഗുഡയിൽ വെള‌ളിയാഴ്‌ച രാത്രിയാണ് സംഭവം. അപകടത്തിൽ ആറ് ബസ് യാത്രികർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഛാർസുഗുഡ-സംഭാൽപൂർ എക്‌സ്‌പ്രസ് ഹൈവേയിൽ റൂർക്കേല ബൈപ്പാസിന് സമീപമാണ് അപകടം നടന്നത്.

ജെഎസ്‌ഡബ്ളു പ്ളാന്റിൽ നിന്നും ജീവനക്കാരുമായി ഛാർസുഗുഡ ടൗണിലേക്ക് പോകുകയായിരുന്ന കമ്പനി ബസിന്റെ പിന്നിൽ നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി വന്നിടിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയവരാണ് അപകടത്തിൽപെട്ടവരെല്ലാം. പരിക്കേറ്റവരെ സംഭാൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണനിരക്ക് ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതർ അറിയിച്ചു.