തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. 3 വര്‍ഷം മുമ്പ കണ്ണൂരില്‍ വച്ച് തനിക്ക് നേരെ വധശ്രമം ഉണ്ടായി.  ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ല, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളത് ആര്‍ക്കാണെന്നുംആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞതെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. 

സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങലോട് പറഞ്ഞു. അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല, പതിവായി കാര്യങ്ങള്‍ വിദശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.  

അതേസമയം പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന സ്ഥാനം അനുസരിച്ചാകണം വര്‍ത്തമാനം. ഭീഷണി സ്വരത്തിലാരാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തസ്തികകളിലേക്ക് മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ അപേക്ഷക്കുന്നത്. അപേക്ഷിക്കാന്‍ പാടില്ലെന്ന് പറയാന്‍ ഇദ്ദേഹത്തിന് എന്ത് അധികാരമാണുള്ളത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ഒരു വ്യക്തിയാണ്. അവര്‍ക്ക് അവരുടെ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അവര്‍ അവരുടേതായ നടപടിക്രമത്തിലൂടെയാണ് ജോലി നേടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. നീട്ടിപ്പിടിച്ച മൈക്കിന് മുന്നില്‍ എല്ലാ ദിവസവും വരികയെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. കുറച്ച് ഗൗരവത്തിലൊക്കെ നിന്ന് കാര്യങ്ങള്‍ പറയുക. അങ്ങനെ കാര്യങ്ങള്‍ നിര്‍വ്വഹിച്ചുകളയാമെന്നാണോ കരുതുന്നതെന്നും അതൊന്നും ഭരണഘടനാപരമായ രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗവര്‍ണറുടേത് അപക്വമായ പ്രതികരണമാണ്. കിട്ടുന്നെങ്കില്‍ എന്തെങ്കിലും കിട്ടിക്കോട്ടെയെന്നാണ് കരുതിയത്. എന്നാല്‍ അതിന്റെ പരിധി ലംഘിക്കുകയാണിപ്പോള്‍. എന്തും വിളിച്ചു പറയാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്. ഗവര്‍ണറുടേത് പക്വമതിയായ ആള്‍ക്ക് ചേര്‍ന്ന പ്രതികരണമല്ല. അദ്ദേഹത്തിന് എന്ത് പറ്റിയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകലാശാലയില്‍ പോസ്റ്റര്‍ പതിക്കുന്നതിനെ വരെ ഗവര്‍ണര്‍ വിശമര്‍ശിക്കുന്നു. പോസ്റ്റര്‍ രാജ് ഭവനില്‍ നിന്നാണോ കൊണ്ട് പോകേണ്ടത്. ഗവര്‍ണര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.