ഹൈദരാബാദ്; പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി വക്താക്കളുടെ വിവാദ പരാമർശത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദത്തെ ചെറുക്കാൻ കേന്ദ്രം നടത്തിയ നടപടിയെ വിമർശിച്ച് തെലങ്കാന മന്ത്രി കെ ടി രാമറാവു. ബിജെപി ഭ്രാന്തന്മാരുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് മാപ്പ് ചോദിക്കേണ്ടത് ബിജെപി എന്ന പാർട്ടിയാണ്. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ എന്തിനാണ് മാപ്പ് ചോദിക്കുന്നത് എന്നാണ് പുതിയ ട്വീറ്റിൽ അദ്ദേഹം ചോദിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയെ ടാ ഗ് ചെയ്തുകൊണ്ടായിരുന്നു രാമറാവുവിന്റെ ട്വീറ്റ്. “ബിജെപി നടത്തിയ വിദ്വേഷ പ്രസം ഗത്തിൽ ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ എന്തിനാണ് അന്താരാഷ്ട്ര സമൂഹത്തോട് മാപ്പ് ചോദിക്കുന്നത്. വിദ്വേഷ പ്രസം ഗം നടത്തിയത് ബിജെപിയാണ്. ഇവരാണ് ഇതിൽ മാപ്പ് പറയേണ്ടത് അല്ലാതെ രാജ്യം അല്ല. സ്വന്തം രാജ്യത്ത് ദിനം പ്രതി വിദ്വേഷം തുപ്പുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് സ്വന്തം ജനതയോടാണ് നിങ്ങളുടെ പാർട്ടി ആദ്യം മാപ്പ് ചോദിക്കേണ്ടത്.” എന്നായിരുന്നു രാമറാവുവിന്റെ ട്വീറ്റ്. ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ വാഴ്ത്തിയപ്പോൾ പ്രധാനമന്ത്രി പാലിച്ച മൗനം ഞെട്ടിപ്പിക്കുന്നതുമായിരുന്നു. നിങ്ങളുടെ മൗനം അവർക്ക് ലഭിക്കുന്ന പ്രോത്സാഹനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് വക്താവ് പവൻ ഖേരയും സമാനമായ രീതിയിൽ സർക്കാരിനെ വിമർശിച്ചു. “ഇന്ത്യ മാപ്പ് പറയേണ്ട ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ബിജെപിയാണ് ചെയ്തത്. രാജ്യം എന്തിന് മാപ്പ് പറയണം? ഖത്തറും കുവൈറ്റും പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ രാജധർമ്മം ഓർമ്മിപ്പിക്കുന്നു. ഇതിലും നാണക്കേട് മറ്റെന്താണ്?,” അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. “പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ഞങ്ങളെ അപമാനിച്ചു. ഇന്ത്യ എന്തിനാണ് മാപ്പ് പറയുന്നത്? ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെ ഇന്ത്യ എപ്പോഴും മാനിക്കുന്നു. ബിജെപി അത് ചെയ്യുന്നില്ല. ബിജെപിയാണ് മാപ്പ് പറയേണ്ടത്.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യസമയത്ത് സംസാരിച്ചാൽ രാജ്യത്തിന് നാണക്കേടുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.

അതേ സമയം വിവാദ പ്രസ്താന നടത്തിയ ബിജെപി വക്താളെ ബിജെപി ജയിലിലേക്ക് അയക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി പറഞ്ഞു. “ഒരു മതത്തെയും അപമാനിക്കുന്ന പദപ്രയോഗം ഉചിതമല്ല. ഈ വിഷയത്തിൽ ബിജെപി പ്രവർത്തകരെ നിയന്ത്രിക്കണം. അവരെ സസ്‌പെൻഡ് ചെയ്തിട്ടോ പുറത്താക്കിയിട്ടോ കാര്യമില്ല. അവരെ കർശന നിയമങ്ങൾ പ്രകാരം ജയിലിലേക്ക് അയയ്ക്കണം,” എന്നായിരുന്നു മായാവതിയുടെ ട്വീറ്റ്. ബിജെപി വക്താക്കളുടെ പരാമർശത്തിൽ ഗൾഫ് മേഖലയിൽ നിന്ന് വലിയ തിരിച്ചടിയാണ് ഇന്ത്യ നേരിടുന്നത്. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങൾ പ്രസ്താവനയെ ശക്തമായി അപലപിച്ചു.