മുഹമ്മദ് നബിക്കെതിരായ നൂപുർ ശർമ അടക്കമുള്ള ബി ജെ പി നേതാക്കളുടെ പ്രസ്താവനയെ സംബന്ധിച്ചുള്ള വിവാദങ്ങളിൽ രൂക്ഷവിമർശനം ഉയർത്തിയ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. ന്യൂനപക്ഷങ്ങളെ തുട‍ർച്ചയായി വേട്ടയാടുന്ന രാജ്യം സംരക്ഷകരാകാൻ നോക്കേണ്ടെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. മതഭ്രാന്തരെ താലോലിക്കുന്ന പാകിസ്ഥാന പോലയല്ല മറിച്ച് എല്ലാ മതവിഭാഗങ്ങളേയും ബഹുമാനിക്കുന്നവരാണ് തങ്ങളെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

‘ന്യൂനപക്ഷ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾ മറ്റൊരു രാജ്യത്ത് ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന്റെ അസംബന്ധം മനസിലാകുന്നില്ല. ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും അഹമ്മദിയകളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തുന്ന പീഡനത്തിന് ലോകം സാക്ഷിയാണ്. കേന്ദ്ര സർക്കാർ എല്ലാ മതവിഭാഗങ്ങളേയും ബഹുമാനിക്കുന്നവരാണ്. മതഭ്രാന്തന്മാരെ സ്തുതിക്കുകയും അവർക്കായി സ്മാരകങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന പാകിസ്ഥാനിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്. ഇന്ത്യയിൽ സാമുദായിക അസ്വാരസ്യം വളർത്താൻ ശ്രമിക്കുന്നതിന് പകരം പാകിസ്ഥാന്റെ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങൾ പാകിസ്ഥാനോട് ആവശ്യപ്പെടുകയാണ്, അരിന്ദം ബാഗ്ചി ട്വീറ്റിൽ പറഞ്ഞു.

ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യ ശാസന നൽകണമെന്നായിരുന്നു കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടത്. നിലവിലെ സർക്കാരിന് കീഴിൽ ഇന്ത്യയിൽ മത സ്വാതന്ത്രൃം നഷ്ടപ്പെട്ടെന്നും ഷഹബാസ് കുറ്റപ്പെടുത്തിയിരുന്നു. ‘നബിക്കെതിരെ നടത്തിയ പരാമർശത്തെ ശക്തമായി അപലപിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരെ പ്രകോപനവും വിദ്വേഷവും വളർത്തുന്ന നയമാണ് മോദി സർക്കാർ ബോധപൂർവ്വം പിന്തുടരുന്നത്’, എന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേസമയം ബി ജെ പി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് അറബ് രാജ്യങ്ങളിൽ നിന്നും ഉയരുന്നത്. വിഷയത്തിൽ ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ അംബാസർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട ഗൾഫ് സഹകരണ കൗൺസിലും പ്രസ്താവന പുറത്തിറക്കി.ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് പ്രസ്താവനയെന്നായിരുന്നു ഒ ഐ സി കുറ്റപ്പെടുത്തിയത്. 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒ ഐ സി.