ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ആഗോള സമൂഹത്തിന് മുമ്പില്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയ വ്യക്തിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാചകനെതിരായ നുപുര്‍ ശര്‍മയുടെ പ്രതികരണം ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.

ഇന്ത്യയ്ക്ക് മുഖം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ വിദേശ നയം തകര്‍ന്നിരിക്കുകയാണ്. ഛിദ്ര ശക്തികള്‍ മുഖ്യധാരയിലേക്ക് എത്തിയിരിക്കുന്നു. നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണം. സസ്‌പെന്‍ഷന്‍ മതിയാകില്ലെന്നും ഉവൈസി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തെയും ഉവൈസി വിമര്‍ശിച്ചു. വിദേശകാര്യ മന്ത്രാലയം ബിജെപിയുടെ ഭാഗമാണോ എന്ന് അദ്ദേഹം ചോദിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ എന്താണ് വിദേശകാര്യ മന്ത്രാലയം ചെയ്യുക എന്നും ഉവൈസി ചോദിച്ചു.

നുപുര്‍ ശര്‍മയുടെ വിദ്വേഷ പ്രചാരണത്തിന് കാരണം ബിജെപിയാണ്. ദേശീയ വക്താവിനെ ഇത്തരം പ്രസ്താവന നടത്താന്‍ ചാനല്‍ ചര്‍ച്ചയ്ക്ക് ബിജെപി മനഃപ്പൂര്‍വം വിടുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാത്രമാണ് ബിജെപി നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയത് കാരണം ഇന്ത്യയുടെ പ്രതിഛായക്ക് മങ്ങലേറ്റു. ഖത്തറിലെത്തിയ ഉപരാഷ്ട്രപതിയുടെ ചില ചടങ്ങുകള്‍ റദ്ദാക്കി. രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഇതെല്ലാം ആദ്യമായാണ് എന്നും ഉവൈസി ചൂണ്ടിക്കാട്ടി.

സാഹചര്യം വഷളാകുമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് സൂചിപ്പിച്ചിരുന്നു. അദ്ദേഹം കാര്യമാക്കിയില്ല. ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെയാണ് ബിജെപി നടപടിയെടുത്തത്. ഇത് നേരത്തെ എടുക്കേണ്ടിയിരുന്നു. മുസ്ലിങ്ങള്‍ക്ക് വിഷമകരമാകുന്ന പ്രസ്താവന നടത്തിയതിന്റെ യാഥാര്‍ഥ്യം മനസിലാക്കാന്‍ ബിജെപിക്ക് 10 ദിവസം വേണ്ടി വന്നുവെന്നും ഉവൈസി പറഞ്ഞു.

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിലെ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെയും കുടുംബത്തെയും അപമാനിച്ച് നുപുര്‍ ശര്‍മ സംസാരിച്ചതാണ് വിവാദത്തിന് കാരണം. പ്രതിഷേധം ശക്തമായതോടെ നുപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഡല്‍ഹി ഘടകത്തിലെ മാധ്യമ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി സസ്‌പെന്റ് ചെയ്തു. തന്റെ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും നുപുര്‍ ശര്‍മ പിന്നീട് ട്വീറ്റ് ചെയ്തു.

നുപുര്‍ ശര്‍മയുടെ പ്രസ്താവന ദേശീയ തലത്തില്‍ വിവാദമായിരുന്നു. കാണ്‍പൂരില്‍ പ്രതിഷേധവുമായി മുസ്ലിങ്ങള്‍ രംഗത്തിറങ്ങുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ കൂടുതല്‍ നഗരങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. ബറേലിയില്‍ ജില്ലാ ഭരണകൂടം ജൂലൈ 3 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ചില മുസ്ലിം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ രണ്ടിടത്ത് നുപുര്‍ ശര്‍മക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഹൈദരാബാദ് പോലീസും കേസെടുത്തു. ഇതിന് പിന്നാലെയാണ് കാണ്‍പൂരില്‍ പ്രതിഷേധമുണ്ടായത്. ശേഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും പ്രതിഷേധവുമായി രംഗത്തെത്തി. ഒഐസിക്ക് സങ്കുചിത മനോഭാവമാണ് എന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്ന പാകിസ്താനും ഇന്ത്യ ചുട്ട മറുപടി നല്‍കി.