റിയാദ്/ടെല്‍ അവീവ്: ഇസ്രായേല്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൗദി അറേബ്യ സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ട്. സൗദിയും ഇസ്രായേലും ബന്ധം മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വിവരം. ഇസ്രായേലില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥന് ഊഷ്മള സ്വീകരണമാണ് റിയാദിലെ ഒരു കൊട്ടാരത്തില്‍ ലഭിച്ചതെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തത്.

പശ്ചിമേഷ്യയിലെ സുരക്ഷകാര്യങ്ങള്‍, ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി എന്നിവയും ചര്‍ച്ചയായത്രെ. സൗദി-ഇസ്രായേല്‍ ചര്‍ച്ച നടന്നുവെന്ന് യദിയോദ് അഹ്രുനുത് എന്ന ഇസ്രായേല്‍ പത്രവും റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ പശ്ചിമേഷ്യ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.

പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള അമേരിക്കയുടെ സുരക്ഷാ സമിതി കോ ഓഡിനേറ്ററായ ബ്രറ്റ് മക് ഗുര്‍ക്ക് കഴിഞ്ഞ ദിവസം സൗദി സന്ദര്‍ശിച്ചിരുന്നു. ചെങ്കടലിലെ രണ്ടു ദ്വീപുകളായ തിരാനും സനാഫിറും സൗദിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിന് അന്തിമ രൂപം നല്‍കാനാണ് ഇദ്ദേഹമെത്തിയത്. നിലവില്‍ ഈജിപ്തിന്റെ കൈവശമുള്ള ദ്വീപുകള്‍ സൗദിക്ക് കൈമാറുകയാണ്.

ചെങ്കടലിലെ ദ്വീപുകള്‍ സൗദിക്ക് കൈമാറണമെങ്കില്‍ ഇസ്രായേലിന്റെ കൂടി അനുമതി ആവശ്യമാണ്. ഈ രണ്ടു ദ്വീപിലും അന്താരാഷ്ട്ര നിരീക്ഷക സേനയെ വിന്യസിച്ചിരുന്നു. ഈ സേനയുടെ ഭാഗമാണ് ഇസ്രായേല്‍. ഈജിപ്തും ഇസ്രായേലും തമ്മില്‍ സമാധാന കരാറുണ്ടാക്കിയ ശേഷമാണ് ദ്വീപില്‍ ഇസ്രായേല്‍ സൈന്യത്തെ വിന്യസിച്ചത്.

ചെങ്കടലിലെ ദ്വീപുകള്‍ ഈജിപ്ത് സൗദി അറേബ്യയ്ക്ക് കൈമാറുമ്പോള്‍ ഇസ്രായേലിന്റെ അനുമതി കൂടി വേണം. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇരുരാജ്യങ്ങളും നേരിയ തോതില്‍ അടുക്കുന്നത്. ഇതിനുവേണ്ടി അമേരിക്ക സൗദി അറേബ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും വാര്‍ത്തകളുണ്ട്. ദ്വീപുകള്‍ സൗദിക്ക് കൈമാറുന്നതിന് പകരം ചില ഉപാധികള്‍ ഇസ്രായേലും അമേരിക്കയും മുന്നോട്ടുവച്ചുവെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.

ഇസ്രായേലില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയുടെ വ്യോമ പാത തുറന്നുകൊടുക്കണമെന്നാണ് ഇസ്രായേലിന്റെ ഒരു നിബന്ധന എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അടിയന്തര ഘട്ടത്തില്‍ സൗദി ഇസ്രായേലിന് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കാറുണ്ട്. എന്നാല്‍, എല്ലാ വിമാനങ്ങള്‍ക്കും പാത തുറന്നുനല്‍കണമെന്നാണ് പുതിയ ആവശ്യം.

ഇസ്രായേലില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്നാണ് ഇസ്രായേലും അമേരിക്കയും മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നിബന്ധന. ഇസ്രായേലില്‍ നിന്നുള്ള മുസ്ലിം തീര്‍ഥാടകര്‍ക്ക് മക്കയിലെത്തുന്നതിനാണിത്. പശ്ചിമേഷ്യയില്‍ പുതിയ സഖ്യരൂപീകരണത്തിന് അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇതിന് സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം നിര്‍ബന്ധമാണത്രെ.

ഇസ്രായേല്‍, ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ദാന്‍, യുഎഇ അടക്കമുള്ള സൗഹൃദ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പശ്ചിമേഷ്യയില്‍ പുതിയ സഖ്യരൂപീകരണത്തിന് അമേരിക്ക ശ്രമിക്കുന്നത്. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈജന്‍ പശ്ചിമേഷ്യയിലെത്തും. ഈ വേളയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ട്. അതിന് വേണ്ടിയാണ് മക് ഗുര്‍ക് സൗദിയിലെത്തിയത്.

ജോ ബൈഡും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ചര്‍ച്ച നടത്താനുള്ള വഴിയാണ് മക് ഗുര്‍ക്ക് ഒരുക്കുന്നത്. എന്നാല്‍ ബൈഡന്‍ സൗദിയിലെത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. സൗദി കിരീടവകാശിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കല്‍ ശ്രമം നടക്കുന്നുവെന്ന് കഴിഞ്ഞാഴ്ച സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ സൗദി കിരീടവകാശിയെ വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് ബൈഡന്‍. അദ്ദേഹം സൗദിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല.