ബംഗളൂരു: ഗ്യാൻവാപി, കുത്തബ് മിനാർ വിവാദങ്ങൾക്കിടയിൽ സമാനമായ മറ്റൊരു പ്രസ്താവനയുമായി കർണാടകയിലെ തീവ്ര ഹിന്ദു വലതുപക്ഷ നേതാവ്. “ജസ്ജിദുകൾ പണിയാനായി പൊളിച്ച 30,000 ക്ഷേത്രങ്ങളൾ തിരിച്ചെടുക്കും” എന്നാണ് ശ്രീരാം സേനയുടെ നേതാവായ പ്രമോദ് മുത്തലിക് ശനിയാഴ്ച പറഞ്ഞത്. കഴിഞ്ഞ കുറച്ചു നാളുകളായി പള്ളിയുടെയും ക്ഷേത്രത്തിന്റെയും പേരിൽ രാജ്യത്ത് ഇരു വിഭാഗങ്ങളും അവകാശവാദങ്ങൾ ഉന്നയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

“മസ്ജിദ് പണിയാൻ തകർത്ത 30,000 ക്ഷേത്രങ്ങളും ഞങ്ങൾ തിരിച്ചെടുക്കും, നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങളെ തടയൂ, ബാബറി മസ്ജിദ് തകർക്കുമ്പോൾ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് നിങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ ഹിന്ദുക്കളുടെ ഒരു തുള്ളി രക്തം പോലും എടുക്കാൻ കഴിഞ്ഞില്ല.” മുത്തലിക് പറഞ്ഞു. “നാണക്കേടുണ്ട് തോന്നുന്നുണ്ടെങ്കിൽ മുമ്പ് തകർത്ത ഞങ്ങളുടെ ക്ഷേത്രങ്ങൾ തിരികെ തരൂ. ഇനി ഇത്തരത്തിലുള്ള ധാർഷ്ട്യം ഞങ്ങൾ സഹിക്കില്ല, ആർക്കും ഞങ്ങളെ തൊടാൻ കഴിയില്ല. നിയമപരമായ രീതിയിൽ തകർത്ത ക്ഷേത്രങ്ങൾ തിരിച്ചെടുക്കും.” എന്നും മുത്തലിക് കൂട്ടിച്ചേർത്തു.

അതേ സമയം കർണാടക മുൻ ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയും മന്ദിർ-മസ്ജിദ് വിവാദത്തിൽ ഇതിന് സമാനമായ പ്രസ്താവന നടത്തി. “36,000 ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു, അതിനു മുകളിൽ മസ്ജിദുകൾ നിർമ്മിച്ചു, അവർ മറ്റെവിടെയെങ്കിലും പള്ളികൾ പണിതു നമസ്കരിക്കട്ടെ, പക്ഷേ നമ്മുടെ ക്ഷേത്രങ്ങൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കാൻ അവരെ അനുവദിക്കാനാവില്ല. 36,000 ക്ഷേത്രങ്ങളും തിരിച്ചുപിടിക്കുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു.”എന്നായിരുന്നു ഈശ്വരപ്പയുടെ പ്രസ്താവന. ഏപ്രിൽ 21 ന് മംഗലാപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പഴയ പള്ളിയുടെ അടിയിൽ ഹിന്ദു ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യാ രൂപകല്പന കണ്ടെത്തിയതോടെയാണ് കർണാടകയിൽ മന്ദിർ-മസ്ജിദ് വിവാദം ഉയർന്നത്.

അതേസമയം നിലിവിൽ ഉത്തർപ്രദേശിൽ വാരണാസിയിലെ ഗ്യാൻവാപി വിവാദവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നടക്കുകയാണ്. 16-ാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്ത്. ഔറംഗസേബിന്റെ ഉത്തരവനുസരിച്ചാണ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചതെന്ന് 1991-ൽ വാരണാസി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഹർജിക്കാരും പ്രാദേശിക പുരോഹിതന്മാരും ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ആരാധന നടത്താൻ അനുമതി തേടി. ഹരജിക്കാർ ആവശ്യപ്പെട്ട എഎസ്ഐ സർവേ സ്റ്റേ ചെയ്യാൻ 2019ൽ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പള്ളി സമുച്ചയത്തിനുള്ളിൽ അഞ്ച് ഹിന്ദു സ്ത്രീകൾ ശൃംഗാർ ഗൗരിയെയും മറ്റ് വിഗ്രഹങ്ങളെയും ആരാധിക്കാൻ ശ്രമിച്ചതോടെയാണ് നിലവിലെ വിവാദത്തിന് തുടക്കമായത്. വാരാണസി ജില്ലാ കോടതിയാണ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്.