കൊച്ചി; വിദ്വേഷ പ്രസംഗ കേസിൽ നാളെ ഹാജരാകാൻ കഴിയില്ലെന്ന് പി സി ജോർജ്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് ജോർജ് ഫോർട്ട് പോലീസിനെ അറിയിച്ചു. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നാണ് ആവശ്യം. ഇതോടെ പി സി ജോർജ് നാളെ തൃക്കാക്കരയിൽ പ്രചാരണത്തിനായി എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

വിദ്വേഷ പ്രസംഗ കേസിൽ മൊഴിയെടുക്കാനായി നാളെ തിരുവനന്തപുരം ഫോർട്ട്‌ അസി. കമ്മിഷണർ ഓഫീസിൽ ഹാജരാകാനായിരുന്നു പോലീസ് നിർദ്ദേശം. രാവിലെ 11 മണിക്ക് ഹാജരാകണമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.കൂടുതൽ അന്വേഷണം നടത്തുന്നതിനായാണ് നാളെ ചോദ്യം ചെയ്യാൻ വിളിപ്പച്ചതെന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ നാളെ ഹാജരാകാനാകില്ലെന്നും നിർദേശിക്കുന്ന മറ്റൊരു തീയതിയിൽ ചോദ്യം ചെയ്യല്ലിന് ഹാജരാവാമെന്നുമാണ് ജോർജ് ഇപ്പോൾ പോലീസ് അയച്ച നോട്ടീസിന് മറുപടി നൽകിയിരിക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പി സി ജോർജ് എത്താനിരിക്കെയായിരുന്നു പി സിക്ക് പോലീസ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച പിന്നാലെ താൻ തൃക്കാക്കരയിൽ ബി ജെ പിയുടെ പ്രചരണത്തിന് എത്തുമെന്നും അവിടെ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകുമെന്നും ജോർജ് പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു ഇന്ന് പോലീസ് ജോർജിന് നോട്ടീസ് നൽകിയത്.

പോലീസ് അന്വേഷണത്തോടെ പൂർണമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് കോടതി ജാമ്യം നൽകിയത്. അതുകൊണ്ട് തന്നെ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നാൽ ജാമ്യ വ്യവസ്ഥയുടെ ലംഘനമാകുമെന്നും അതിനാൽ ജോർജ് ഹാജരായേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാൽ ഹാജാരാകാൻ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ ഞായറാഴ്ച പി സി ജോർജ് തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തിയേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. രാവിലെ 8ന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിലും പങ്കെടുത്തേക്കുമെന്നാണ് സൂചന. അതേസമയം പി സി ജോർജ് വെണ്ണലയിൽ പ്രസംഗിച്ചാൽ നിയമനടപടി ആലോചിക്കുന്നതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമായതിനാൽ ഇക്കാര്യം കോടതിയെ അറിയിച്ച് കൂടുതൽ നടപടികളിലേക്ക് നീങ്ങിയേക്കും. നിലവിൽ പി സി ജോർജിനെ മറ്റൊരു ദിവസം ചോദ്യം ചെയ്യുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.