ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച്‌ സുരേഷ് ഗോപി എം.പി. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം.

‘ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു. ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനാണ് സുരേഷ് ഗോപി എത്തിയത്. അപ്പോഴാണ് വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്​തു. സിനിമയില്‍ നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. കമ്മീഷണര്‍ ഭരത് ചന്ദ്രന്‍ ഐ.പി.എസ്​ ഉള്‍പ്പെടെ സുരേഷ് ഗോപി വേഷമിട്ട്​ ഹിറ്റായ പൊലീസ്​ രംഗങ്ങളാണ്​ ആരാധകര്‍ സംഭവത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്​.