കോട്ടയം: കേരളത്തിലെ സൗഹാര്‍ദ്ദപരമായ മതാന്തരീക്ഷം തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും സംയുക്തമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പരാമര്‍ശം.

കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴിയും അല്ലാതെയും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ചു പോരുന്ന മതസൗഹാര്‍ദം നശിക്കാതെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഇമാം പറഞ്ഞു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അകലം കൂട്ടാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ബോധപൂര്‍വമായ ശ്രമങ്ങള്‍ കുറച്ചു നാളുകളായി നടക്കുന്നുണ്ടെന്നും അടുക്കാനാകാത്ത വിധത്തില്‍ ഇരു സമുദായത്തിലേയും ജനങ്ങള്‍ അകന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളെക്കാളും മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട സംസ്ഥാനമാണ് കേരളമെന്നും ആ പാരമ്ബര്യം കാത്തുസൂക്ഷിക്കണമെന്നും സി എസ് ഐ ബിഷപ്പ് പറഞ്ഞു. ലഹരി പോലുള്ള തെറ്റായ പ്രവണതകള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ വ്യക്തികള്‍ ചെയ്യുന്ന കുറ്റത്തിന് ഒരു സമൂഹത്തെ ഒന്നാകെ ക്രൂശിക്കുന്നത് ശരിയല്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കോട്ടയത്തെ സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഹൗസില്‍വെച്ചായിരുന്നു പത്രസമ്മേളനം നടന്നത്.