ശ്രീനഗര്‍: അനധികൃതമായി രണ്ട് ലക്ഷം പേര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് . 22 ഇടങ്ങളില്‍ സിബി ഐ റെയ്ഡ് നടത്തി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അടക്കം വിവിധ ഉദ്യോഗസ്ഥരുടെ വീടുകളിലായിരുന്നു സിബിഐ റെയ്ഡ്.

കശ്മീരില്‍ 12 ഇടത്തും ജമ്മുവില്‍ 10 ഇടത്തുമായിരുന്നു റെയ്ഡ്. 2018ല്‍ സിബിഐയ്ക്ക് നല്‍കിയ കേസിലാണ് ഇപ്പോള്‍ റെയ്ഡ് നടന്നതെന്ന് ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാഹിദ് ഇഖ്ബാല്‍ ചൗധരിയുടെ വീട്ടിലും സിബി ഐ റെയ്ഡ് നടന്നു. ആദ്യം രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിനായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ അനധികൃതമായി തോക്ക് ലൈസന്‍സ് അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കൂടി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് സിബി ഐയ്ക്ക് കൈമാറിയത്. ട്രൈബല്‍ അഫയേഴ്‌സ് സെക്രട്ടറിയുടെ മിഷന്‍ യൂത്ത് സിഇഒ കൂടിയായ ചൗധരിയുടെ വീട്ടിലും റെയ്ഡ് നടത്തി. ഇദ്ദേഹം കത്വ, ഉധംപൂര്‍ ജില്ലകളില്‍ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് ആയിരക്കണക്കിന് ആളുകള്‍ക്ക് കള്ളപ്പേരില്‍ തോക്ക് ലൈസന്‍സിന് അനുമതി നല്‍കിയതെന്നാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും തോക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

എട്ടു ഡപ്യൂട്ടി കമ്മീഷണര്‍മാരാണ് പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത്. 2012ല്‍ ആണ് അനധികൃത ലൈസന്‍സുകള്‍ നല്‍കിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം അനധികൃത തോക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം. ഈ ആരോപണവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് രഞ്ജന്‍ ഉള്‍പ്പെടെ രണ്ട് പേരെ കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. രഞ്ജന്റെ സഹോദരനെ ഭീകരവിരുദ്ധ സംഘടന അറസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ തെളിവുകള്‍ സിബി ഐക്ക് ലഭിച്ചത്. ഇയാള്‍ തോക്ക് വ്യാപാരികളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.