ന്യൂ ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ പുതിയ ബ്രാഞ്ച് ന്യൂഡല്‍ഹിയിലെ പ്രസിഡന്റ് എസ്റ്റേറ്റില്‍ തുറന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രഥമ വനിത സവിത കോവിന്ദും ചേര്‍ന്ന് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യമന്ത്രി നിര്‍മല സീതാരാമന്‍, ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്‍ റാവു കാരാഡ് എന്നിവരുടെ മഹനീയ സാനിധ്യത്തിലായിരുന്നു ചടങ്ങ്. രാഷ്ട്രപതി സെക്രട്ടറി കെ.ഡി ത്രിപാഠി, എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര, എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ സി.എസ് ഷെട്ടി എന്നിവര്‍ക്കൊപ്പം എസ്ബിഐയുടെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

പ്രസിഡന്റ് എസ്റ്റേറ്റിലെ താമസക്കാര്‍ക്ക് എല്ലാവിധ ബാങ്കിങ് സേവനങ്ങളും ബ്രാഞ്ചിലൂടെ നല്‍കും. എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍,  സെല്‍ഫ് സര്‍വീസ് പാസ്ബുക്ക് പ്രിന്റര്‍ തുടങ്ങിയവയും പുതിയ ബ്രാഞ്ചില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ 22,000 ബ്രാഞ്ചുകളും 60,000 എടിഎം- സിഡിഎമ്മുകളും എസ്ബിഐക്കുണ്ട്. 2.5 ലക്ഷം ജീവനക്കാര്‍ വഴി 45 കോടി ഉപഭോക്താക്കള്‍ക്കാണ് ബാങ്ക് സേവനം ലഭ്യമാക്കുന്നത്.

പ്രസിഡന്റ് എസ്റ്റേറ്റില്‍ ഒരു ബ്രാഞ്ച് ഉണ്ടാവുന്നത് എസ്ബിഐയെ സംബന്ധിച്ച് വലിയ ബഹുമതിയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. എല്ലാ ഉപഭോക്താക്കള്‍ക്കും ബ്രാഞ്ച് സൗകര്യപ്രദവും തടസമില്ലാത്തതുമായ ബാങ്കിങ് അനുഭവം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.