തൊടുപുഴ: കോവിഡ് ഡി. കാറ്റഗറിയിലുള്ള സ്ഥലത്ത് സിനിമാ ചിത്രീകരണം നടത്തിയതിന് മിന്നല്‍ മുരളി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ടൊവിനൊ തോമസ് നായകനായെത്തുന്ന സിനിമയുടെ തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് നടന്ന ഷൂട്ടിങ്ങ് ശനിയാഴ്ച്ച ഉച്ചയോടെ നാട്ടുകാരില്‍ ചിലര്‍ സംഘടിച്ചെത്തി തടഞ്ഞിരുന്നു. കോവിഡ് ഡി കാറ്റഗറിയിലുള്ള സ്ഥലത്ത് ചിത്രീകരണം നടത്താനാവില്ലെന്ന് ആവശ്യപ്പെട്ടാണ് ചിത്രീകരണം തടഞ്ഞത്.

ചിത്രീകരണത്തിന് അനുവാദമുണ്ടെന്ന് പറഞ്ഞെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് പോലീസ് എത്തി ചിത്രീകരണം അവസാനിപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും കണ്ടാലറിയാവുന്ന 50 പേരെയും പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. സ്ഥലത്ത് കടകള്‍ക്ക് വരെ നിയന്ത്രണം നിലനില്‍ക്കെ വലിയ തോതില്‍ ആള്‍ക്കൂട്ടവും വാഹനവും എത്തിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ജില്ലാ കളക്ടറുടെ പാസുണ്ടെന്ന പേരിലായിരുന്നു സിനിമ ചിത്രീകരണം നടത്തിയത്.

എന്നാല്‍ സിനിമയ്ക്കായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുമാരമംഗലത്ത് വലിയ ചിലവില്‍ സെറ്റ് ഒരുക്കിയിരുന്നതാണെന്നും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പ്രദേശം ഡി. കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സമ്ബര്‍ക്കം ഒഴിവാകുന്ന രീതിയില്‍ ഇന്‍ഡോര്‍ ഷൂട്ടിങിന് മാത്രമാണ് തീരുമാനിച്ചതെന്നുമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

2019ല്‍ തുടങ്ങിയ മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. പിന്നീട് ഏതാനും സീനുകള്‍ വീണ്ടും ചിത്രീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ചിത്രീകരണം തുടങ്ങിയത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫും ടൊവിനൊയും, ബൈജുവും ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു.