ജാവന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജാവന്‍പൂരിലെ ഒരു ഗ്രാമത്തിലെ കുളത്തില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സര്‍പത്താന്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ജഹ്‌റുദ്ദീന്‍ ഗ്രാമവാസികളായ രഞ്ജിത്(11), വീരു(12), സമീര്‍ (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെ മൂവരും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നെങ്കിലും തിരിച്ചെത്തിയിട്ടില്ലെന്ന് അഡീഷനല്‍ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു.

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയപ്പോള്‍ വൈകീട്ട് 6.30 ഓടെയാണ് മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തിയത്. മരണകാരണം കൃത്യമായി അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എന്നാല്‍ കുട്ടികള്‍ മുങ്ങിമരിച്ചതാവാമെന്നുമാണ് പോലിസ് നിഗമനം. അതേസമയം, കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുളം നിലനില്‍ക്കുന്ന സ്ഥലം ഉടമയെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ ബന്ധുക്കള്‍ ലഖ്‌നൗ ബല്ലിയ ഹൈവേ തടഞ്ഞു. കുടുംബങ്ങള്‍ക്ക് ധനസഹായത്തോടൊപ്പം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രാത്രി 8.30 ഓടെ ദേശീയപാത തുറന്നു.