ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങി. നിലവില്‍ രാജ്യത്ത് 6.43 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 82 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറില്‍ 50,848 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 68,817 പേര്‍ രോഗമുക്തരായി.

കോവിഡിന്റെ മൂന്നാംഘട്ടം കുട്ടികളെ അധികമായി ബാധിക്കുമെന്ന് പറയാനാവില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. എയിംസും ലോകാരോഗ്യസംഘടനയും നടത്തിയ സര്‍വേയില്‍ മുതിര്‍ന്നവരെ ബാധിക്കുന്ന രീതിയില്‍ത്തന്നെയാണ് കുട്ടികളെയും കോവിഡ് ബാധിക്കുന്നതെന്നാണ് കണ്ടെത്തിയിരുന്നത്.

അതേസമയം കുട്ടികള്‍ക്കുള്ള കോവാക്‌സിന്‍ വിതരണം മൂന്ന് മാസത്തിനകം തുടങ്ങുമെന്ന് ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഇതിന്റെ ട്രയലുകള്‍ പട്‌ന എയിംസില്‍ നടക്കുകയാണ്. രണ്ടിനും 17നും ഇടയില്‍ പ്രായമുള്ളവരിലാണു പരീക്ഷണം. ഫൈസര്‍ വാക്‌സീന് കൂടി ഇന്ത്യയില്‍ അംഗീകാരം കിട്ടിയാല്‍ അതും കുട്ടികള്‍ക്കു നല്‍കുമെന്നു ഗുലേറിയ പറഞ്ഞു.