പ്രതിമാസം 85 ലക്ഷം ഡോസ് വാക്സിന്‍ ലഭിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ ഡെല്‍ഹിയില്‍ സമ്ബൂര്‍ണ വാക്സിനേഷന്‍ നടപ്പാക്കാനാകുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. നിലവില്‍ ഒരു ലക്ഷം ഡോസ് വാക്സിനാണു ദിവസവും നല്‍കുന്നത്. ഇത് മൂന്നു ലക്ഷമായി ഉയര്‍ത്തണമെന്നും കേജ് രിവാള്‍ നിര്‍ദേശിച്ചു. ഡെല്‍ഹിയിലെ സജ്ജീകരണങ്ങള്‍ മികച്ചതായതിനാല്‍ സമീപനഗരങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, സോണിപത്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍നിന്നും ആളുകള്‍ വാക്സിനു വേണ്ടി സംസ്ഥാനത്ത് എത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര വാക്സിന്‍ ഇല്ലാത്ത അവസ്ഥയാണ്. ആവശ്യത്തിനു വാക്സിന്‍ കിട്ടിയാല്‍ തലസ്ഥാന നഗരിയില്‍ എല്ലാവര്‍ക്കും മൂന്നു മാസത്തിനുള്ളില്‍ കുത്തിവയ്പ് നടത്താനാകുമെന്നും കേജ്രിവാള്‍ പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിനു സാധ്യതയുള്ളതിനാല്‍ വാക്സിനേഷന്‍ ദൗത്യം ത്വരിതപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40 ലക്ഷം ഡോസാണ് ഇതുവരെ ലഭിച്ചത്. 18-44 പ്രായത്തിലുള്ള ഒരു കോടി ആളുകളും 18 വയസിനു മുകളില്‍ 1.5 കോടി ആളുകളുമാണുള്ളത്. 100 സ്‌കൂളുകളിലായാണ് 18-44 പ്രായത്തിലുള്ളവര്‍ക്കു വാക്സിന്‍ നല്‍കുന്നത്. കേന്ദ്രങ്ങളുടെ എണ്ണം 300 ആക്കും. മൂന്നു മാസത്തിനുള്ളില്‍ 2.6 കോടി ഡോസ് വാക്സിന്‍ വേണം. അതായത് പ്രതിമാസം 80-85 ലക്ഷം ഡോസ്. ഡെല്‍ഹിക്കുള്ള വാക്സിന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നുവെന്നും കേജ്രിവാള്‍ പറഞ്ഞു.

അതേസമയം നഗരത്തിലെ ഓക്സിജന്‍ ദൗര്‍ലഭ്യപ്രശ്നം പരിഹരിച്ചുവെന്നും ആവശ്യത്തിന് ഓക്സിജന്‍ കിടക്കകള്‍ സജ്ജമാണെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,832 പുതിയ കോവിഡ് കേസുകളും 341 മരണങ്ങളുമാണ് ഡെല്‍ഹിയില്‍ റിപോര്‍ട് ചെയ്തത്.