ഇന്ത്യയില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തി ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണ്‍, മിച്ചല്‍ സാന്റ്നര്‍ കെയില്‍ ജാമിസണ്‍ എന്നിവര്‍ ഡല്‍ഹിയിലെ ബയോ ബബിള്‍ വിട്ട് മാലിദ്വീപിലേക്ക് മടങ്ങി. ടീം ഫിസിയോ ടോമി സിംസക്ക്, ട്രെയിനര്‍ ക്രിസ് ഡോണള്‍ഡ്സന്‍ എന്നിവരും സംഘത്തിലുണ്ട്. മാലിദ്വീപില്‍ നിന്ന് എല്ലാവരും നേരെ ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ്‌ ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഐ പി എല്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നതിനാല്‍ ഡല്‍ഹിയില്‍ ബയോബബിളിലായിരുന്നു എല്ലാവരും.

ലണ്ടനിലേക്കുള്ള മടക്കം ഒരാഴ്ച കൂടി വൈകുമെന്ന് വ്യക്തമായതോടെയാണ് ഇവര്‍ ന്യൂഡല്‍ഹിയിലെ ബയോ ബബിള്‍ വിട്ട് മലിദ്വീപിലേക്ക് പറന്നത്. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതിന് മുമ്ബ് ഇം​ഗ്ലണ്ടിന് എതിരെ രണ്ട് ടെസ്റ്റുകള്‍ ന്യൂസിലന്‍ഡിന് കളിക്കേണ്ടതുണ്ട്. മെയ് 11ന് ന്യൂസിലന്‍ഡ് കളിക്കാര്‍ക്ക് ഇം​ഗ്ലണ്ടില്‍ എത്താനാവും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഒരാഴ്ച കൂടി വൈകും എന്ന് വ്യക്തമായതോടെ മാലിദ്വീപിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സ് താരം ട്രെന്‍ഡ് ബോള്‍ട്ട് നേരത്തെ തന്നെ ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് പറന്നിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ടിം സീഫര്‍ട്ടിന്‌ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കൊല്‍ക്കത്ത ടീമില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്നായി. നേരത്തെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, മലയാളി പേസറായ സന്ദീപ് വാര്യര്‍ എന്നിവര്‍ക്കായിരുന്നു ടീമില്‍ വൈറസ് ബാധ മുമ്ബ് സ്ഥിരീകരിച്ചിരുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഐ പി എല്‍ നീട്ടിവെച്ചതിനാല്‍ അടുത്ത ദിവസം ന്യൂസിലന്‍ഡിലേക്ക് തിരിച്ചു പോകാനിരുന്ന‌ താരമാണ് സീഫര്‍ട്ട്. എന്നാല്‍ കോവിഡ് പോസിറ്റീവായതോടെ താരത്തിന്റെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് നീളും. നിലവില്‍ അഹമ്മദാബാദിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്ന സീഫര്‍ട്ടിനെ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് കൊണ്ടു പോകുമെന്നും അവിടെയായിരിക്കും താരത്തിന്റെ ചികിത്സയെന്നുമാണ് സൂചനകള്‍.‌

സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിക്കും പുറമെ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ബൗളിങ്ങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജി, ടീം സിഇഒ കാശി വിശ്വനാഥന്‍, ടീം ബസ് ജീവനക്കാരന്‍, ബാറ്റിങ്ങ് പരിശീലകന്‍ മൈക്ക് ഹസി, സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍‌സ് സ്‌പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഹസി രോഗമുക്തനായിട്ടുണ്ട്.