വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പ് നടത്തിയതിന് ശേഷം ആക്രമി ജീവനൊടുക്കിയതായി പോലിസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഇന്ത്യാനപോളീസിലെ ഫെഡക്‌സ് കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. ഫെഡക്‌സിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പോലിസ് വക്താവ് ജെനെ കുക്ക് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുതര പരിക്കേറ്റ ഒരാള്‍ ഉള്‍പ്പെടെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റ് രണ്ടുപേരെ സംഭവസ്ഥലത്ത് ചികില്‍സ നല്‍കി വിട്ടയച്ചു. പോലിസുകാര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്. എന്നാല്‍, വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പോലിസ് വ്യക്തമാക്കി. വെയര്‍ ഹൗസില്‍ വെടിവയ്പ്പുണ്ടായ വിവരം ഫെഡെക്‌സും സ്ഥിരീകരിച്ചിട്ടുണ്ട്.

അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. സുരക്ഷയ്ക്കാണ് കമ്ബനി മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.