ഇൻസ്റ്റന്റ് മെസേജിംഗ് സേവനമായ ടെലഗ്രാമിൽ സജീവ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായും കഴിഞ്ഞ 72 മണിക്കൂറിൽ 2.5 കോടി പുതിയ ഉപയോക്താക്കളെ ലഭിച്ചതായും ടെലഗ്രാം സ്ഥാപകൻ പാവെൽ ദുരോവ് പറഞ്ഞു.

പുതുതായി എത്തിയ ഉപയോക്താക്കളിൽ 38 ശതമാനം ഏഷ്യയിൽ നിന്നും 27 ശതമാനം യൂറോപ്പിൽ നിന്നും 21 ശതമാനം ലാറ്റിൻ അമേരിക്കയിൽ നിന്നും എട്ട് ശതമാനം മധ്യേഷ്യ, വടക്കേ ആഫ്രിക്ക മേഖലയിൽ നിന്നുള്ളവരാണ്. ഓരോ ദിവസവും 15 ലക്ഷം വരെ പുതിയ ഉപയോക്താക്കൾ പുതിയതായി ടെലഗ്രാമിൽ വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2013ൽ റഷ്യയിലാണ് ടെലഗ്രാമിന്റെ തുടക്കമെങ്കിലും റഷ്യൻ ഭരണകൂടവുമായുള്ള തർക്കത്തെ തുടർന്ന് റഷ്യ വിടുകയും പിന്നീട് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുകയുമായിരുന്നു. നിലവിൽ ലണ്ടനിലും യു.എ.ഇയിലുമായാണ് ടെലഗ്രാമിന്റെ നിയന്ത്രണം.