തിരുവനന്തപുരം: വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിനില്‍പ്പിന് ഭക്തജനങ്ങള്‍ കനിയണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍ ഭക്തര്‍ കാണിക്കയായി വലിയ തുകകള്‍ നല്‍കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ നഷ്ടം കുറയ്‌ക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1523 ക്ഷേത്രങ്ങളിലെ ചെലവുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഹിച്ചിരുന്നത് ശബരിമലയിലെ വരുമാനം കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ ബോര്‍ഡിന് പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാരിനോട് 100 കോടി രൂപ ആവശ്യപ്പെട്ട സാഹചര്യത്തിലാണി മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കോവിഡ് വന്നതോടെ ശബരിമലയിലെ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചതിനാല്‍ വലിയ രീതിയിലുള്ള വരുമാനക്കുറവാണ് ഉണ്ടായിരിക്കുന്നത്.
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും ക്ഷേത്ര ചെലവുകള്‍ക്കും ഗുരുവായൂര്‍ ഒഴികെയുള്ള ദേവസ്വം ബോര്‍ഡുകളെല്ലാം ബുദ്ധിമുട്ടുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക നഷ്ടത്തിനിടയിലും 70 കോടി രൂപ നല്‍കി.